അഹമ്മദാബാദ്: കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ നരേഷ് റാവല്‍, രാജു പര്‍മാര്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
തനിക്ക് പാര്‍ട്ടിയുമായി നിരവധി പരാതികളുണ്ടെന്നും പാര്‍ട്ടിയോട് ‘ജയ് ഹിന്ദ്’ പറയാന്‍ തീരുമാനിച്ചെന്നും മുന്‍ ആഭ്യന്തര സഹമന്ത്രിയും മെഹ്സാന ജില്ലയിലെ വിജാപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായ നരേഷ് റാവല്‍ പ്രതികരിച്ചു.
ബി.ജെ.പിയില്‍ ചേരുകയാണെന്ന കാര്യവും അദ്ദേഹം തന്നെയായിരുന്നു വ്യക്തമാക്കിയത്.
‘പാര്‍ട്ടിയോട് എനിക്ക് ഒരുപാട് പരാതികളുണ്ട്. എന്നാല്‍ ഈ വിഷയങ്ങളെല്ലാം സംസാരിക്കാന്‍ ശരിയായ സമയമല്ല ഇത്. ഏതായാലും പാര്‍ട്ടിയോട് ‘ജയ് ഹിന്ദ്’ പറയാനാണ് തീരുമാനം. കോണ്‍ഗ്രസ് വിട്ടാലുടന്‍ ബി.ജെ.പിയില്‍ ചേരും,’ അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിയോട് പരാതികളില്ലെന്നും പാര്‍ട്ടി യുവതലമുറക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നുമായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ രാജു പര്‍മാറിന്റെ പ്രതികരണം.
‘ഞാന്‍ കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കുകയാണ്. എനിക്ക് പാര്‍ട്ടിക്കെതിരെ ഒരു പരാതിയും ഇല്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍, പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. ഞാന്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് സ്ഥാനങ്ങളോ ആനുകൂല്യങ്ങളോ ആവശ്യപ്പെട്ടില്ല,’ രാജു പര്‍മാര്‍ പറഞ്ഞു. കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി വിടാനുള്ള തീരുമാനം ശരിയല്ലെന്നും പാര്‍ട്ടി നയങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കകത്താണ് സംസാരിക്കേണ്ടതെന്നുമായിരുന്നു കോണ്‍ഗ്രസിലെ മറ്റൊരു മുതിര്‍ന്ന നേതാവ് അര്‍ജുന്‍ നോദ്‌വാഡിയയുടെ പരാമര്‍ശം.
‘ഇരുവരും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടി അവര്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. നരേഷ് റാവലിനെ പാര്‍ട്ടി ആഭ്യന്തര സഹമന്ത്രിയാക്കി. ചുരുങ്ങിയ കാലത്തേക്കാണെങ്കിലും പ്രതിപക്ഷ നേതാവായി. അഞ്ച് തവണ നിയമസഭാ സ്ഥാനാര്‍ത്ഥിയായി റാവലിനെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇതില്‍ മൂന്ന് വട്ടം അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു.
രാജു പര്‍മാറിനെ മൂന്ന് പ്രാവശ്യമാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്കയച്ചത്. പട്ടികജാതി കമ്മീഷന്റെ ചെയര്‍മാന്‍ പദവിയും നല്‍കി.
എന്നിട്ടും ഇപ്പോള്‍ ഇവരുടെയൊക്കെ വിമര്‍ശനം പാര്‍ട്ടി കാര്യമായി പരിഗണിച്ചില്ലെന്നാണ്. പാര്‍ട്ടി നയങ്ങളിലോ തീരുമാനങ്ങലിലോ എതിര്‍പ്പുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ സംസാരിച്ച് പരിഹരിച്ച് പോകേണ്ടതാണ്. മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ ഇവര്‍ രാജിവെക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയേക്കാം,’ അര്‍ജുന്‍ നോദ്‌വാഡിയ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി ഹരിയാന കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് അവരുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചുവെന്ന ആരോപണമായിരുന്നു ബിഷ്ണോയി അസംബ്ലി സ്പീക്കര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ഉയര്‍ത്തിയത്.
രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പിന്തുടര്‍ന്നിരുന്ന കാര്യങ്ങളല്ല ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു.
നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടില്‍ തിരിമറി കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇതിന് പിന്നാലെ തന്നെ വിമര്‍ശനങ്ങളുമായി ബിഷ്ണോയ് രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ പരിഗാണിക്കാതിരുന്ന കോണ്‍ഗ്രസ് നടപടിയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ബിഷ്ണോയ് നാലു തവണ എം.എല്‍.എയായും രണ്ട് തവണ എം.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ഇളയമകന്‍ കൂടിയാണ് കുല്‍ദീപ് ബിഷ്ണോയ്.
Content Highlight: Two of Senior Gujarati congress leaders to join bharatiya janata party, statement comes after kuldeep bishnoi’s resignation news