| Tuesday, 31st August 2021, 7:17 pm

2022 ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി; ടീമുകളെ വാങ്ങാന്‍ ശ്രമവുമായി അദാനിയും സഞ്ജീവ് ഗോയങ്കയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2022ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകളെ കൂടി അനുവദിച്ച് ബി.സി.സി.ഐ. പുതിയ ടീമുകള്‍ക്കായി ലേലം നടത്തുമെന്നും ബി.സി.സി.ഐ. അറിയിച്ചു. ടീമുകളെ വാങ്ങാനായി ലേലത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയങ്കയുടെ നേതൃത്വത്തിലുള്ള ആര്‍.പി.എസ്.ജി ഗ്രൂപ്പും വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

നിലവില്‍ ഒരു ടീമിനെ വിലയ്ക്കുവാങ്ങാനുള്ള അടിസ്ഥാന തുകയായി 2000 കോടി രൂപയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ലേലത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.

രണ്ട് ടീമുകളുടെ അടിസ്ഥാന വിലയായി അദ്യം ബി.സി.സി.ഐ തീരുമാനിച്ചത് 1700 കോടി രൂപയായിരുന്നു. പിന്നീട് തീരൂമാനത്തില്‍ മാറ്റം വരുത്തുകയാണ് ഉണ്ടായത്. ഈ രണ്ട് ടീമിന്റെ വരവോടുകൂടി ഏതാണ്ട് 5000 മുതല്‍ 6000 കോടി വരെ രൂപയാണ് ലഭിക്കാന്‍ സാധ്യതയുള്ളത്.

അടിസ്ഥാന വിലയായ 2000 കോടി രൂപ വലിയ തുകയാണെന്ന് കരുതുന്നില്ലെന്നും 3000 മുതല്‍ 3500 കോടി രൂപയ്ക്കടുത്താണ് ഒരു ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ അധികാരികള്‍ പറഞ്ഞു.

വാര്‍ഷിക വരുമാനം 3000 കോടി രൂപയുള്ള കമ്പനികള്‍ക്കാണ് ടീമുകളെ വാങ്ങുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
ടെന്‍ഡര്‍ അനുവദിച്ചാല്‍ കൂടുതല്‍ ടീമുകള്‍ കടന്നു വരാനുള്ള സാധ്യതകള്‍ ബി.സി.സി.ഐ കാണുന്നുണ്ട്.

നിലവില്‍ എട്ട് ടീമുകളാണ് ഐ.പി.എല്ലില്‍ ഉള്ളത്. 2021 ഐ.പി.എല്ലിന്റെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് യൂ.എ.ഇയില്‍ വെച്ച് പുനരാരംഭിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Two new teams in 2022 IPL; Adani and Sanjeev Goenka trying to buy teams
We use cookies to give you the best possible experience. Learn more