| Friday, 28th June 2024, 8:30 am

അസമിൽ രണ്ട് മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്‌പൂർ: അസമിൽ രണ്ട് മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നു. വന്യ ജീവി സങ്കേതത്തിൽ നിയമവിരുദ്ധമായി പ്രവേശിച്ചുവെന്നാരോപിച്ചാണ് അസമിലെ നാഗാവിൽ മുസ്‌ലിം സഹോദരങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥൻ വെടി വെച്ച് കൊന്നത്. നാഗോൺ ജില്ലയിലെ ദിംഗ്ബാരി ചപരി ഗ്രാമത്തിലെ താമസക്കാരായ സമറുദ്ദീൻ (35), അബ്ദുൾ ജലീൽ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read: എന്റെ ജീവിതത്തിൽ ഉപ്പയെയും ഉമ്മയെയും പോലെ പ്രാധാന്യമുള്ള സംവിധായകനാണ് അദ്ദേഹം: ആസിഫ് അലി

പാരമ്പരാഗതമായി മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ഇവർ മറ്റു ഗ്രാമവാസികൾക്കൊപ്പം അർധരാത്രിയോടെയാണ്‌ സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീൽ തണ്ണീർത്തടത്തിൽ മീൻ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.

അജ്ഞാതരായ രണ്ട് പേർ നിയമവിരുദ്ധ മത്സ്യബന്ധന പ്രവർത്തനത്തിനായി അർദ്ധരാത്രിയോടെ പ്രദേശത്ത് പ്രവേശിച്ചതായി കണ്ടതിനെ തുടർന്നാണ് വെടി വെച്ചതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, തദ്ദേശവാസികളുടെയും ആദിവാസി സമൂഹങ്ങളുടെയും കൂട്ടായ്മയായ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് എഗൈൻസ്റ്റ് പ്രൊട്ടക്‌റ്റഡ് ഏരിയാസ് (സി.എൻ.എപി.എ) വ്യാജ ഏറ്റുമുട്ടലിനെ ശക്തമായി അപലപിച്ച് പ്രസ്താവനയിറക്കി.

‘ഇത്തരത്തിലുള്ള കൊലപാതകങ്ങൾ രാജ്യവ്യാപകമായി വനസമൂഹങ്ങൾ സഹിക്കുന്ന തുടർച്ചയായ പീഡനങ്ങളുടെയും നിർബന്ധിത കുടിയിറക്കലിൻ്റെയും ഉദാഹരണമാണ്. ദിംഗ്ബാരി ചപരി ഗ്രാമത്തിലുള്ളവർ ഉൾപ്പെടെയുള്ള ഈ സമൂഹങ്ങൾ വന്യജീവികളുമായി സഹവർത്തിത്വം പുലർത്തിയാണ് ജീവിക്കുന്നത്.

അവരുടെ ഉപജീവനത്തിനും ആചാരങ്ങൾക്കും വേണ്ടി വനത്തെ ആശ്രയിക്കുന്നു. സംരക്ഷണത്തിൻ്റെ പേരിൽ അവരെ ക്രിമിനൽവൽക്കരിക്കുകയും കുടിയൊഴിപ്പിക്കുകയും അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു,’ സി.എൻ.എപി.എ പറഞ്ഞു.

ഇത്തരം നടപടികൾ വലിയ തരത്തിലുള്ള മനുഷ്യാവകാശലംഘനം കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Content Highlight: Two Muslim Men in Assam’s Nagaon Shot Dead by Forest Guards

Latest Stories

We use cookies to give you the best possible experience. Learn more