'മുസ്‌ലിങ്ങള്‍ നാശമാണ്, ഇസ്‌ലാം യൂറോപ്പിന് പുറത്ത് പോകട്ടെ'; വംശീയ ചുവരെഴുത്തുകളും പള്ളികള്‍ക്ക് നേരെ ആക്രമണവും; ഇസ്‌ലാമോഫോബിയയുടെ വിളനിലമായി ഫ്രാന്‍സ്
പാരിസ്: മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങളും ഇസ്‌ലാമോഫോബിയ ജനിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളും ഫ്രാന്‍സില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായതായും ഇവരെ ലക്ഷ്യം വെച്ചുള്ള വംശീയ ചുവരെഴുത്തുകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതായുമാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളായ ലാ മൂര്‍, ഡൊമീന്‍ എന്നിവിടങ്ങളിലെ പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തകര്‍ക്കപ്പെട്ട ലാ മൂറിലെ പള്ളിയുടെ ചുവരുകളില്‍ ‘മുസ്‌ലിങ്ങള്‍ സമൂഹത്തിന് നാശമാണ്’ (Muslims are harmful) എന്ന ചുവരെഴുത്തുമുണ്ട്.
ഡൊമീനിലെ പള്ളി ആക്രമിച്ച ശേഷം, മുസ്‌ലിങ്ങളും പള്ളിയിലെ ഇമാമും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അക്രമകാരികള്‍ അവിടെ എഴുതി വെച്ചത്.
ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ നഗരത്തിലും മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുസ്‌ലിങ്ങള്‍ യൂറോപ്പിന് പുറത്ത് (Islam out of Europe) എന്നെഴുതിയ ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മുസ്‌ലിം പള്ളികള്‍ക്ക് മേല്‍, വിവാദമായ ‘ആന്റി-സെപറേറ്റിസം’ (Anti-Separatism) നിയമം സര്‍ക്കാര്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ‘ആന്റി-സെപറേറ്റിസം’ നിയമം ഫ്രാന്‍സില്‍ നിലവില്‍ വന്നത്. മുസ്‌ലിം ആരാധനാലയങ്ങള്‍, മറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകള്‍, കമ്യൂണിറ്റിയിലെ പ്രധാനപ്പെട്ട ആളുകള്‍ എന്നിവക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം കടുപ്പിക്കുന്നതാണ് നിയമം.
ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍
നേരത്തെ ഫ്രാന്‍സിലെ മുസ്‌ലിം യുവസംഘടനയുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനോട് ഫ്രാന്‍സ് പ്രതിഷേധമറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ തുല്യതാ കമ്മീഷന് നേരെയാണ് ഫ്രാന്‍സിലെ രണ്ട് മന്ത്രിമാര്‍ രോഷം പ്രകടിപ്പിച്ചത്.
തുല്യതാ കമ്മിഷന്‍ കമ്മീഷണറായ ഹെലെന ഡാലി, പാന്‍ യൂറോപ്യന്‍ മുസ്‌ലിം യുവസംഘടനയായ ‘ദ ഫോറം ഓഫ് യൂറോപ്യന്‍ മുസ്‌ലിം യൂത്ത് ആന്‍ഡ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനു’മായി (എഫ്.ഇ.എം.വൈ.എസ്.ഒ) ചര്‍ച്ച നടത്തിയതിലായിരുന്നു മന്ത്രിമാര്‍ പ്രതിഷേധിച്ചത്.
തുല്യതാ കമ്മിഷന്‍ നടത്തിയ ചര്‍ച്ചയോട് ‘അസംബന്ധം’ എന്നാണ് ഫ്രാന്‍സ് സ്റ്റേറ്റ് സെക്രട്ടറി പ്രതികരിച്ചത്.
ഫ്രാന്‍സിലെ ഭരണകൂടം ഇസ്‌ലാമാഫോബിക് ആയ നിലപാടുകളും പോളിസികളും സ്വീകരിച്ചതിനെ എഫ്.ഇ.എം.വൈ.എസ്.ഒ സംഘടന വിമര്‍ശിക്കാറുണ്ട്.
മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സംഘടനയെ ‘ഇസ്‌ലാമിസ്റ്റ് അസോസിയേഷന്‍’ എന്നാണ് ഫ്രാന്‍സിന്റെ പൗരത്വ വിഭാഗം സഹമന്ത്രി മര്‍ലീന്‍ ഷ്യപ്പ വിശേഷിപ്പിച്ചത്.
ഫ്രാന്‍സിലെ മുസ്‌ലിങ്ങളുടെ ഇസ്‌ലാം മതാചാരങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടം മുമ്പും ശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ തീവ്ര വലതുപക്ഷക്കാരനായ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിനും ഇസ്ലാം വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തെയും മുസ്‌ലിം ചരിത്ര കഥാപാത്രങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്ന പബ്ലിഷിംഗ് കമ്പനിയ്ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.