തിരുവനന്തപുരം: മൂന്നാറില്‍ സി.എസ്.ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് സഭാ ശുശ്രൂഷകര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സി.എസ്.ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകന്‍ അമ്പൂരി സ്വദേശി ബിനോകുമാറും, സി.എസ്.ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകന്‍ ആറയൂര്‍ സ്വദേശി ദേവപ്രസാദുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ ധ്യാന ശേഷം മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞയാഴ്ചയാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സി.എസ്.ഐ വൈദികര്‍ ധ്യാനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഘാടര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ കേസില്‍ പ്രതിയാകും.
മാസ്‌കോ സാനിറ്റൈസറോ സാമൂഹിക അകലമോ പാലിക്കാതെയാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തതെന്ന് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സബ്കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ധ്യാനത്തില്‍ പങ്കെടുത്ത 80 ഓളം വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിശ്വാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും വൈദികര്‍ക്ക് കൊവിഡ് പിടിപെട്ടത് പൊതുജനങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണെന്നാണ് സി.എസ്.ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക