| Friday, 24th December 2021, 4:50 pm

ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കസ്റ്റഡിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍. ഷാനിനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശി അതുലും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

നേരത്തെ ഷാന്‍ വധക്കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്തവരാണ് അറസ്റ്റിലായിരുന്നത്. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ കേസില്‍ പിടിയിലാകുന്നത് ആദ്യമായാണ്.

ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആര്‍.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും.

ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Two more accused in SDPI Leader Shan murder case

We use cookies to give you the best possible experience. Learn more