| Thursday, 17th May 2018, 3:08 pm

ത്രിപുരയില്‍ ബി.ജെ.പി മുന്നണിയില്‍ ഭിന്നത; അധികാരം പങ്കിടുന്നതില്‍ പുതിയ നയം വേണമെന്ന് ഐ.പി.എഫ്.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് മാസം പിന്നിടുന്നതിനിടെ സര്‍ക്കാരില്‍ ഭിന്നത തുടരുന്നു. സംസ്ഥാനത്തെ ബ്ലോക്ക് അഡൈ്വസറി കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നിയമനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ബി.ജെ.പിക്കും തങ്ങള്‍ക്കുമിടയില്‍ അധികാരം പങ്കിടുന്നതില്‍ പുതിയ നയം രൂപീകരിക്കണമെന്നും ഐ.പി.എഫ്.ടി ആവശ്യപ്പെട്ടു.

ബ്ലോക്ക് അഡൈ്വസറി കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ (ബി.എ.എസി) നിയമനങ്ങളില്‍ 60 ശതമാനവും തങ്ങള്‍ക്ക് വേണമെന്നാണ് ഐ.പി.എഫ്.ടി ആവശ്യപ്പെട്ടത്. ബി.ജെ.പിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി സബ്‌റൂമില്‍ ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഖൊവായ് ജില്ലയില്‍ ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയും ഐ.പി.എഫ്.ടിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്ന തരത്തിലായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രതികരിച്ചിരുന്നത്.

“എന്റെ ജനങ്ങളാണ് എന്റെ മുഖ്യ പരിഗണന. ജനങ്ങളുടെ ജീവിതം തകരാറിലാക്കുന്ന പ്രതിഷേധങ്ങളും ആക്രമണങ്ങളും ഐ.പി.എഫ്.ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. ഇനി അവരുടെ ഭാഗത്ത് നിന്ന ഇത്തരം നീക്കങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ വെറുതെയിരിക്കില്ല” ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

ബി.ജെ.പി-ഐ.പി.എഫ്.ടി സംഘര്‍ഷം കുറയ്ക്കുന്നതിനായി മൂന്ന് ബി.ജെ.പി അംഗങ്ങളെയും രണ്ട് ഐ.പി.എഫ്.ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയൊരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ത്രിപുരയില്‍. സംസ്ഥാനത്ത് ആദ്യമായി എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബിപ്ലബ് ദേബിന് പകരം ആദിവാസി അംഗത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ.പി.എഫ്.ടി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി എന്ന ആവശ്യം കൂടാതെ ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യവും ഐ.പി.എഫ്.ടി മുന്നോട്ട് വെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more