| Sunday, 25th February 2024, 3:50 pm

​ഗസയെ കാർന്നു തിന്നുന്ന പട്ടിണി; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വടക്കന്‍ ഗസയില്‍ പട്ടിണിമൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച ഗസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. പോഷകഹാരക്കുറവ് മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫലസ്തീനില്‍ ഇസ്രഈല്‍ സേന നടത്തുന്ന നരഹത്യയെ തുടര്‍ന്ന് രാജ്യത്ത് പട്ടിണിയും ശിശു മരണങ്ങളും വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് കുഞ്ഞ് തങ്ങളുടെ മുന്നില്‍ എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

‘ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ കൈകുഞ്ഞുമായി സഹായത്തിന് വേണ്ടി നിലവിളിക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. ശ്വസാമെടുക്കാന്‍ പോലും കുഞ്ഞ് വളരെയേറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അതിനാൽ ഞങ്ങള്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിലെത്തിച്ചു’, ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പോഷകാഹാരകുറവുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ഐ.സി.യുവിലേക്ക് മാറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പട്ടിണി മൂലം കുഞ്ഞിന് ദിവസങ്ങളോളം പാല്‍ കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഗസക്ക് വേണ്ടി കൂടുതല്‍ സഹായം അനുവദിക്കണമെന്ന ആഗോള അഭ്യര്‍ഥനകള്‍ ഇസ്രഈല്‍ തുടര്‍ച്ചയായി നിരസിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം. ഗസയില്‍ മറ്റനേകം കുഞ്ഞുങ്ങളാണ് പാല്‍ ലഭിക്കാതെ ഇതേ അവസ്ഥ നേരിടുന്നത്.

ഇതുവരെ 29,606 പേര്‍ മരിക്കുകയും 69,737 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധബാധിതരായ ഗസയിലെ 23 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്ന് യു.എന്‍ പറഞ്ഞു.

യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ ഗസയിലേക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയുമെല്ലാം ഇസ്രഈല്‍ തടഞ്ഞിരുന്നു. നീണ്ട ഉപരോധങ്ങള്‍ക്ക് ശേഷം ഡിസംബറിലാണ് ഗസയിലേക്ക് സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തി വിടാന്‍ ഇസ്രഈല്‍ അനുവദിച്ചത്.

എന്നാല്‍ ശക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ട്രക്കുകള്‍ കടത്തി വിടുന്നത്. റഫാ അതിര്‍ത്തിയില്‍ സഹായങ്ങളുമായി നിരവധി ട്രക്കുകള്‍ വന്നു കിടക്കുന്നുണ്ടെങ്കിലും സഹായം വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഗസയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

Contant Highlight: Two month old Palestinian boy dies of hunger amid Israel’s war on Gaza

We use cookies to give you the best possible experience. Learn more