ന്യൂദല്‍ഹി: റോട്ടാവൈറസ് വാക്‌സില്‍ നല്‍കിയ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് ആറു ദിവസത്തിനുശേഷം മരിച്ചു. ദക്ഷിണ ദല്‍ഹിയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയ്ക്ക് റോട്ടാവൈറസ് വാക്‌സിന്‍ നല്‍കിയത്. കുഞ്ഞ് മരിച്ചത് റോട്ടാവൈറസ് കാരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നവംബര്‍ 28നാണു കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കിയത്. വാക്‌സിന്‍ നല്‍കിയതിനുശേഷമാണ് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
“ആരോഗ്യകേന്ദ്രത്തില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം പനിയും വയറിളക്കവും വന്നു. കുഞ്ഞ് നിര്‍ത്താതെ കരച്ചിലായി. ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ല. വെള്ളിയാഴ്ച വായില്‍ നിന്നും മൂക്കില്‍ നിന്നും നുരവരാന്‍ തുടങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയും ചെയ്തു.” കുഞ്ഞിന്റെ അമ്മ അഫ്‌സാന പറഞ്ഞു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതിനുശേഷം പിതാവ് പോലീസിനെ വിവരം അറിയിച്ചിരുന്നു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണ കാരണം എന്തെന്ന് പറയാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയ്ക്ക് വാക്‌സില്‍ നല്‍കിയ സമയത്ത് സൈഡ് എഫക്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ നല്‍കാനായി മരുന്നുകളും വിതരണം ചെയ്തിരുന്നെന്ന് ആരോഗ്യകേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. ഇതിന് പുറമേ അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനായി മൊബൈല്‍ ഫോണും നല്‍കിയെന്ന് അവര്‍ വ്യക്തമാക്കി.
വാക്‌സിനേഷനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അഫ്‌സാന പറഞ്ഞു. ചിലയാളുകള്‍ വീട്ടില്‍ വന്ന് പറഞ്ഞതുകൊണ്ടാണ് മകളെ വാക്‌സിന്‍ നല്‍കുന്നതിനായി കൊണ്ടുപോയത്. അവര്‍ മൊബൈല്‍ ഫോണും, പുതപ്പും, 500 രൂപയും തന്നെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ അഡൈ്വസര്‍ ടി.എസ് റാവു അറിയിച്ചു. വാക്‌സിന്‍ നല്‍കിയതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി കണ്ടെത്തിയാല്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡയേറിയയ്ക്ക് കാരണമായ റോട്ടാവൈറസ് ബാധയില്‍ നിന്നും സംരക്ഷണം നല്‍കാനാണ് ഈ വാക്‌സിന്‍ നല്‍കുന്നത്.