ഗുരുഗ്രാം: ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാക്സി കാര്‍ തട്ടിയെടുത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. ദല്‍ഹിയിലെയും ഗുരുഗ്രാമിലെയും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് പിടിയിലായത്.
കാര്‍ തട്ടിയെടുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
രാജീവ് ചൗക്കില്‍നിന്നും വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ടാക്‌സിയില്‍ കയറിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ടാക്‌സിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറയുകയും ചെയ്തു.
വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് രണ്ടാമത്തെ വിദ്യാര്‍ഥി പൊട്ടിയ ബിയര്‍ കുപ്പിയെടുത്ത് ഡ്രൈവറെ വീണ്ടും ഭീഷണിപ്പെടുത്തി. ഡ്രൈവറുടെ കഴുത്തില്‍ കുപ്പിവെച്ച വിദ്യാര്‍ഥി വണ്ടി നിര്‍ത്തിയില്ലെങ്കില്‍ കഴുത്തറുത്ത് കൊല്ലുമെന്ന് ഡ്രൈവറോട് പറഞ്ഞു. കാര്‍ നിര്‍ത്തിയതോടെ ഡ്രൈവറെ പുറത്തേക്ക് തള്ളിയിട്ട് വാഹനവുമായി ഇവര്‍ പോയി.
ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രദേശത്തെ സി.സ.ിടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
വാഹനം തട്ടിയെടുത്തശേഷം ടൂറിനുള്ള പണം കണ്ടെത്താനായിരുന്നു ശ്രമം. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഫരീദാബാദിലെ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Two minors snatch cab at gunpoint in Gurugram to go on hill station trip