മെല്ലെമെല്ലെ പറഞ്ഞുതുടങ്ങി പെരുക്കത്തിലെത്തുന്ന ത്രില്ലര്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ടു മെന്‍ എന്ന സിനിമ. ഗള്‍ഫിലെ മരുഭൂമിയുടെ വിശാലമായ ക്യാന്‍വാസും എം.എ. നിഷാദിന്റേയും ഇര്‍ഷാദ് അലിയുടേയും പവര്‍പാക്ക് അഭിനയവും ചേരുമ്പോള്‍ കെ. സതീഷ് സംവിധാനം ചെയ്ത ടു മെന്‍ ഒരു സര്‍പ്രൈസ് തിയേറ്റര്‍ അനുഭവമായി മാറുന്നുണ്ട്.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക്അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. ഡ്രൈവറായ അബൂക്കയുടെ ഒരു ദിവസത്തെ ജീവിതമാണ് സിനിമയുടെ പ്രമേയം.
മലയാളിയുടെ നിത്യജീവിതത്തില്‍ നാം കണ്ടുമറന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് ചിത്രം ഒരു റോഡ് മൂവിയുടെ സ്വഭാവത്തിലേക്ക് വഴിമാറുന്നു. തമിഴ് ക്യാമറാമാനായ സിദ്ധാര്‍ത്ഥ് രാമസ്വാമിയുടെ സിനിമാറ്റോഗ്രഫി എടുത്ത് പറയേണ്ടതാണ്. മുംബൈ എക്സ്പ്രസ് പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ക്യാമറാമാന്‍ ആയിരുന്ന സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള സിനിമയാണ് ടു മെന്‍.
സംവിധായകന്‍ എം.എ. നിഷാദ് അഭിനയരംഗത്ത് കാലുറപ്പിക്കുന്ന ചിത്രമാണ് ഇത്. നിഷാദിന്റെ അബൂക്ക ഗള്‍ഫ് ജീവിതം അറിയുന്നവര്‍ക്കെല്ലാം നോവായി മാറും. 30 വര്‍ഷത്തോളമായി ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ മലയാളിയുടെ രൂപഭാവങ്ങളിലേക്ക് നിഷാദ് മാറുന്നുണ്ട്. രണ്ട് മനുഷ്യരില്‍ ഒരാളായ ഇര്‍ഷാദും സഞ്ജയ് മേനോനായി സ്‌ക്രീനില്‍ തിളങ്ങി. ഇരുവരും ചേര്‍ന്ന് വിജനമായ മരുഭൂമിയിലൂടെ രാത്രിയില്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്ര സിനിമയുടെ പിരിമുറുക്കം വര്‍ധിപ്പിക്കുന്നു.
നല്ലയാള്‍ ചീത്തയാള്‍ എന്ന ദ്വന്ദ്വങ്ങളില്‍ മനുഷ്യരെ വിലയിരുത്തുന്നവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. മുഹാദ് വെമ്പായത്തിന്റേതാണ് തിരക്കഥയും സംഭാഷണവും.
ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമി നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികള്‍.
Content Highlight: Two men movie review