|

അഫ്‌സലിന്റെ ഹിറ്റ് ശബ്ദം; ടു മെന്നിലെ പുതിയ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.എ. നിഷാദ്, ഇര്‍ഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ടു മെന്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.

അഫ്സല്‍ പാടിയ ‘വരാതെ വന്നത്’ എന്ന ഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കി പുറത്തിറങ്ങിയ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

123 മ്യൂസിക് എന്ന യൂട്യുബ് ചാനലില്‍ റിലീസ് ചെയ്ത ഗാനം ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ ധ്യാൻ ശ്രീനിവാസനാണ് ഗാനം പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

മരുഭൂമിയിലൂടെയുള്ള ഒരു കാര്‍ യാത്രയില്‍ അപരിചിതരായ രണ്ടുപേര്‍ക്ക് നേരിടേണ്ടിവരുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറില്‍ മിന്നല്‍ മുരളിയുടെ എക്‌സികുട്ടീവ് പ്രെഡ്യൂസറായ മാനുവല്‍ ക്രൂസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിങ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പി.ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.

Content Highlight : Two men movie new song getting huge appreciation