കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍  വീണ്ടും ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
national news
കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍  വീണ്ടും ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 4:31 pm

ഭോപാല്‍: പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ വീണ്ടും രണ്ടു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തി പൊലീസ്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയാണ് പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഗര്‍ മാള്‍വാ ജില്ലയില്‍ വെച്ചായിരുന്നു സംഭവം.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ ചുമത്തുന്നത് രണ്ടാമത്തെ സംഭവമാണിത്

മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്കെതിരെ എന്‍.എസ്.എ ചുമത്തിയിരുന്നു. ശക്കീല്‍, നദീം, അസാം എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.

Also Read ബി.ജെ.പി ആണിത് ചെയ്തതെങ്കില്‍ മനസ്സിലാക്കാമായിരുന്നു: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന്‍ രംഗത്തെത്തിരിയിരുന്നു. ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള ബി.ജെ.പിയാണ് ഇത് ചെയ്തതെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഇത് സംഭവിച്ചത് നിരാശാജനകമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

“ബി.ജെ.പിയാണ് തെറ്റു ചെയ്തതെങ്കില്‍ ആര്‍.എസ്.എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണതെന്ന് നമുക്ക് ആശ്വസിക്കാം. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലാണ് പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ ചുമത്തുന്നത്. പശു സംരക്ഷണത്തിനായി എന്‍.എസ്.എ പോലുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നിഷ്‌കളങ്കരെ ദ്രോഹിക്കുന്നവര്‍ക്കെതിരെയും എന്‍.എസ്.എ ചുമത്തേണ്ടതുണ്ട്”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഖാണ്ഡ്വയിലെ സംഭവത്തില്‍ എന്‍.എസ്.എ ചുമത്താന്‍ തീരുമാനിച്ചത് പൊലീസ് ആണെന്നും, പ്രസ്തുത കേസില്‍ എന്‍.എസ്.എ ചുമത്തേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് പറഞ്ഞിരുന്നു.