യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച് ബോധരഹിതരാക്കി; 'കൃത്യ സമയത്തെത്തി രക്ഷിച്ചെന്ന്' മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ പൊലീസ്
national news
യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച് ബോധരഹിതരാക്കി; 'കൃത്യ സമയത്തെത്തി രക്ഷിച്ചെന്ന്' മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 8:36 am

പട്‌ന: ബീഹാറില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. ഇരുമ്പ് ദണ്ഡുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ രണ്ട് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചത്.

മുസാഫര്‍പൂരിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തെ തുടര്‍ന്ന് രണ്ട് പേരും ബോധരഹിതരായിരുന്നു. ഇവരെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ അവിടെ നിന്നും കൊണ്ടുപോയത്. തങ്ങള്‍ സമയത്തിനെത്തി ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാക്കളെ രക്ഷിച്ചുവെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഏറെ നേരം വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് ഉയരുന്ന ആരോപണം.

മര്‍ദനമേറ്റവര്‍ മുസാഫര്‍ സ്വദേശികളാണെന്നും ഇവര്‍ ഇരുമ്പ് ദണ്ഡുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

മുസാഫര്‍ നഗറിനടുത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സൈറ്റില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഒരു ക്വിന്റലോളം ഇരുമ്പ് കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ രണ്ട് യുവാക്കളാണ് മോഷ്ടക്കളെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുകയായിരുന്നു.

നാട്ടുകാര്‍ തങ്ങള്‍ക്ക് നേരെ അക്രമാസക്തരായി ഓടി വരുന്നത് കണ്ട ഇവരും ഓടി. തുടര്‍ന്ന് രണ്ട് പേരെയും ഓടിച്ചിട്ട് പിടിച്ച നാട്ടുകാര്‍ ഇവരെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

Content Highlight: Two men beaten up in Bihar for allegedly stealing iron