World News
മാല്‍കോം എക്‌സ് വധം; പ്രതികളായിരുന്ന രണ്ട് പേരെ 56 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തരാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 19, 09:13 am
Friday, 19th November 2021, 2:43 pm

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ അമേരിക്കന്‍ മന്ത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍കോം എക്‌സിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ നിരപരാധികളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയും പ്രതികളായിരുന്ന രണ്ട് പേരുടെ അഭിഭാഷകരുമാണ് ഇക്കാര്യം പറഞ്ഞത്.

മുഹമ്മദ് എ അസീസ്, ഖാലി ഇസ്‌ലാം എന്നിവരെയാണ് 20 വര്‍ഷം ജയില്‍ വാസം അനുഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്ന് പ്രഖ്യാപിക്കുന്നത്.

മാല്‍കോമിനെ വധിച്ച് 56 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കേസില്‍ പ്രതികളെ വെറുതെ വിടുന്ന തീരുമാനമുണ്ടായത്. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ തീരുമാനം.

കേസ് നടത്തിപ്പിനെ സംബന്ധിച്ച് കാലങ്ങളായി ചരിത്രകാരന്മാര്‍ സംശയം ഉന്നയിച്ച് വരികയായിരുന്നു.

22 മാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയാണ് ഇരുവരും നിരപരാധികളാണെന്ന് പ്രഖ്യാപിച്ചത്. 1966ലായിരുന്നു ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.

അന്വേഷണം നടത്തിയ എഫ്.ബി.ഐയും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും മുഹമ്മദ് എ അസീസ്, ഖാലി ഇസ്‌ലാം എന്നിവര്‍ നിരപരാധികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ പൂഴ്ത്തി വെച്ചു എന്നാണ് അറ്റോര്‍ണിയും പ്രതികളുടെ അഭിഭാഷകരും പറയുന്നത്.

ബ്ലാക്ക് നാഷനലിസ്റ്റ് ഗ്രൂപ്പ് ഓഫ് നാഷന്‍ ഓഫ് ഇസ്‌ലാം എന്ന സംഘടനയിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ വധിച്ചത് എന്നായിരുന്നു രേഖകള്‍.

ഇതില്‍ മൂന്നാമനായ മുജാഹിദ് അബ്ദുല്‍ ഹലിം 2010ല്‍ ജയില്‍ മോചിതനായിരുന്നു. ഇയാള്‍ മുമ്പ് കുറ്റം ഏറ്റുപറഞ്ഞിരുന്നെങ്കിലും മറ്റ് രണ്ട് പേരും നിരപരാധികളാണെന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്.

1966ല്‍ മുഹമ്മദ് എ അസീസും ഖാലി ഇസ്‌ലാമും ജയിലില്‍ അടയ്ക്കപ്പെട്ടു. അസീസ് 1985ലും ഇസ്‌ലാം 1987ലും ജയില്‍ മോചിതരായി. 2009ല്‍ ഇസ്‌ലാം മരിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ കറുത്ത വര്‍ഗക്കാരനായ നേതാവാണ് മാല്‍കോം എക്‌സ്. അമേരിക്കയില്‍ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ സമയത്തെ നിര്‍ണായക സാന്നിധ്യമായിരുന്നു മാല്‍കോം.

1965 ഫെബ്രുവരി 21നായിരുന്നു ഇദ്ദേഹത്തെ വധിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Two men accused of killing Malcolm X found innocent