| Monday, 13th May 2024, 8:15 am

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം; ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജെ.ഡി.എസ് നേതാവും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.

ചേതന്‍, ലിഖിത് ഗൗഡ എന്നീ ബി.ജെ.പി പ്രവര്‍ത്തകരാണ് അശ്ലീല വീഡിയോകള്‍ പുറത്തുവിട്ട സംഭവത്തില്‍ അറസ്റ്റിലായത്. പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 26ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ അശ്ലീല വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. പിന്നാലെ ജെ.ഡി.എസ് പോള്‍ ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

വീഡിയോകള്‍ പ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ഉണ്ടെന്നായിരുന്നു ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ ആരോപണം. വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം നടത്തുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ എസ്.ഐ.ടിയെ രൂപീകരിച്ചപ്പോള്‍, കേസ് സി.ബി.ഐക്ക് വിടണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്.

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് നേരത്തെ തന്നെ ഒരു ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോകള്‍ തുറന്നുകാട്ടി അദ്ദേഹം പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് പ്രസിഡന്റിന് കത്തെഴുതിയിട്ടും ബി.ജെ.പി ജെ.ഡി.എസുമായി സഖ്യം പ്രഖ്യാപിക്കുകയായിരുന്നു.

സംഭവത്തില്‍ ദേശീയ വനിത കമ്മീഷനും ഇടപെടല്‍ നടത്തി. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കമ്മീഷന്‍ കത്തയച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് ജെ.ഡി.എസ് സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: Two BJP members of the group that released the footage of Prajwal Revanna’s violence have been arrested

We use cookies to give you the best possible experience. Learn more