ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നുകളുടെ പരസ്യം നല്‍കിയതിന് രണ്ട് പ്രമുഖ അച്ചടി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ) കാരണം കാണിക്കല്‍ നോട്ടീസയച്ചു.
പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയെന്നോണം പതഞ്ജലി പുറത്തിറക്കിയ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് മാതൃഭൂമിക്കും ടൈംസ് ഓഫ് ഇന്ത്യക്കും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.
കണ്ണൂര്‍ സ്വദേശിയായ നേത്രരോഗവിദഗ്ദന്‍ ഡോ. കെ.വി. ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പി.സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
പതഞ്ജലിയുടെ പരസ്യങ്ങള്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്‌ജെക്ഷണബിള്‍ അഡ്വട്ടെസ്‌മെന്റ്) ആക്ട് ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ കെ.വി. ബാബുവിന്റെ പരാതി.
‘ഇത് രോഗികള്‍ക്കും പൊതുജനാരോഗ്യത്തിനും എതിരാണ്. ഇത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്. പി.സി.ഐ ഇതിനെതിരെ രണ്ട് ഇന്ത്യന്‍ ദിനപത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസ് ഞാന്‍ സ്വാഗതം ചെയ്യുന്നു,’ ഡോ. കെ.വി. ബാബു പറഞ്ഞു.
പതഞ്ജലി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിഭാഗമായ ദിവ്യ ഫാര്‍മസിയാണ് പരസ്യം നല്‍കിയത്. പി.സി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ദിവ്യ ലിപിഡോം, ദിവ്യ ലിവോഗ്രിത്, ദിവ്യ ലിവാമൃത് അഡ്വാന്‍സ്, ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി ടാബ്ലറ്റ് എന്നീ മരുന്നുകളാണ് ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുടെ മരുന്നെന്ന തരത്തില്‍ പതഞ്ജലി മാര്‍ക്കറ്റിങ് വിഭാഗമായ ദിവ്യ ഫാര്‍മസി പുറത്തിറക്കിയത്.
കഴിഞ്ഞ മാസമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്. ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്.
ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതായിരുന്നു പതഞ്ജലി മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെക്കാനുള്ള നടപടി. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിത്, ഐഗ്രിത്, തൈറോഗ്രിത്, ബി.പിഗ്രിത്, ലിപിഡോം എന്നിവയാണ് നിരോധിച്ച മരുന്നുകള്‍.
പതഞ്ജലിക്ക് കീഴിലെ ദിവ്യാ ഫാര്‍മസി നിര്‍മിക്കുന്ന ‘ലിപിഡോം’, ‘ലിവോഗ്രിത്’, ‘ലിവാമൃത്’ എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തെ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു.
അതേസമയം, 2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ ഏകദേശം 6,804 പരാതികള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെ 10,035 പരാതികള്‍ എന്നതിലേക്ക് ഇത് ഉയര്‍ന്നിരുന്നു. ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളാണ് പരാതികള്‍ സംബന്ധിച്ച് രാജ്യസഭയില്‍ രേഖമൂലമുള്ള വിശദീകരണം നടത്തിയത്.
ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡില്‍ വില്‍ക്കുന്നത് വ്യാജ നെയ്യെന്ന ആരോപണവുമായി ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങും രംഗത്തെത്തിയിരുന്നു.
രാംദേവ് ‘കപാല്‍ ഭാട്ടി’ യോഗ പഠിപ്പിക്കുന്നത് തെറ്റായ രീതിയിലാണെന്നും, അത് യോഗ പഠിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ശരണ്‍ സിങ് ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
ഉടന്‍ തന്നെ സന്ന്യാസിമാരുടെയും പൂജാരിമാരുടെയും യോഗം വിളിച്ചുചേര്‍ത്ത് പതഞ്ജലി മഹര്‍ഷിയുടെ പേരില്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ശരണ്‍ സിങ് പറഞ്ഞിരുന്നു.
വ്യാജ നെയ്യ് പരാമര്‍ശത്തിനെതിരെ രാംദേവ് തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ശരണ്‍ സിങ് പറഞ്ഞു. മാപ്പുപറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും മാപ്പുപറയാന്‍ പോകുന്നില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് ബി.ജെ.പി എം.പി പറഞ്ഞത്.
Content Highlight: Two media houses get Press Council notice for carrying misleading Patanjali ads