കല്‍പ്പറ്റ: വയനാട് ജില്ലയില്‍ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചപ്പാരത്ത് ആദിവാസി കോളനിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് കസ്റ്റഡിയിലെടുത്തു. ബാണാസുര ബ്രാഞ്ചില്‍പ്പെട്ട മാവോയിസ്റ്റുകളായ ചന്തുവും, ഉണ്ണിമായയുമാണ് അറസ്റ്റിലായതെന്നാണ് സൂചന.
മാവോയിസ്റ്റുകള്‍ കോളനിയിലെ അനീഷ് എന്ന ആളുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനുമായി എത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരീക്ഷണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞുവെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ തമ്പി എന്ന അനീഷ് വനത്തിലെയും നഗരത്തിലെയും മാവോയിസ്റ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നാണ് പൊലീസിന്റെ സംശയം.
ചന്തുവിനെയും ഉണ്ണിമായയെയും കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓടി രക്ഷപ്പെട്ടവര്‍ കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണെന്നാണ് സൂചനയെന്നും അതിലൊരാള്‍ക്ക് വെടിയേറ്റതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകളെ വീടിന് പുറത്തേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റുകള്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോളാണ് തിരിച്ച് വെടിവെക്കാന്‍ നിര്‍ബന്ധിതരായതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒരു മാവോയിസ്റ്റ് കേഡര്‍ പൊലീസ് പിടിയിലായിരുന്നു.
Content Highlight: Two Maoists arrested in Wayanad