ന്യൂദല്‍ഹി: ഫോബ്‌സ് മാസിക പുറത്തു വിട്ട കഴിഞ്ഞ വര്‍ഷത്തെ വിശ്വ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടു മലയാളികളടക്കം 57 ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു. 1226 പേരുടെ ലിസ്റ്റില്‍ എം.ജി ജോര്‍ജ്ജ് മുത്തൂറ്റും ക്രിസ് ഗോപാലകൃഷ്ണനുമാണ് മലയാളികള്‍. മെക്‌സിക്കന്‍ ടെലികോം ഭീമനായ കാര്‍ലോസ് സ്‌ലിം ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 60 ബില്യന്‍ ഡോളറാണു 72കാരനായ കാര്‍ലോസിന്റെ ആസ്തി.
അമേരിക്കന്‍ ഡോളറിന്റെ കണക്കില്‍ ഒരു ബില്ല്യണ്‍ (5000 കോടി രൂപ) ന്റെ വ്യക്തിഗത സമ്പത്തുള്ളവരുടെ ലിസ്റ്റാണ് ഫോബ്‌സ് പുറത്തുവിട്ടിരിക്കുന്നത്. അംബാനി സഹോദരന്മാര്‍, അസിം പ്രേംജി, എന്‍.ആര്‍.നാരായണ്‍ മൂര്‍ത്തി എന്നിവരാണു വാരന്‍ ബഫറ്റ്, ബില്‍ ഗേറ്റ്‌സ് എന്നിവരോടൊപ്പം പട്ടികയില്‍ ഇടം തേടിയ പ്രമുഖരായ ഇന്ത്യക്കാര്‍.
ഇന്ത്യക്കാരായ ധനികരില്‍ മുകേഷ് അംബാനിയാണു മുന്നില്‍. 22.3 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ ആസ്തി. 20.7 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍. പട്ടികയില്‍ മിത്തല്‍ 21-ാം സ്ഥാനത്താണ്. 54 കാരനായ മുകേഷ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 19-ാമതാണ്. മൂന്നാമനായ അസിം പ്രേംജിയുടെ ആസ്തി 15.9 ബില്യന്‍ ഡോളറാണ്. പട്ടികയില്‍ 41-ാം റാങ്കാണ് പ്രേംജിക്ക്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനാണു പട്ടികയില്‍ രണ്ടാം സ്ഥാനം. 61 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 44 ബില്യന്‍ ഡോളര്‍ ആസ്തിയുമായി വാരന്‍ ബഫറ്റാണു മൂന്നാം സ്ഥാനത്ത്. മുന്‍വര്‍ഷത്തേക്കാള്‍ ലോക കോടീശ്വരന്മാര്‍ വര്‍ധിച്ചതായി ഫോബ്‌സ് മാസിക നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
സമ്പത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് അംബാനി കുടുംബത്തിനാണ്. 7.4 ബില്യണ്‍ ഡോളര്‍ ആസ്തി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന അനില്‍ അംബാനിക്ക് ഇത്തവണ ആദ്യ പത്തു പേരുടെ പട്ടികയില്‍ പോലും എത്താന്‍ സാധിച്ചില്ല. 2ജി അഴിമതി കേസാണ് അനില്‍ അംബാനിക്ക് പാരയായത്.