കൊച്ചി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിതെന്നും നുണ കൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും സത്യം പുറത്തു വരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
‘ ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. രണ്ടിലയില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇടത് മുന്നണിക്ക് ഈ വിധി കരുത്തു പകരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ജോസഫ് വിഭാഗത്തിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നത്.
അതേസമയം കോടതിയുടെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് വിഭാഗം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയോ റിവിഷന്‍ ഹരജി സമര്‍പ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ