പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഹില്‍വ്യൂ ഹോട്ടലിനാണ് തീപിടിച്ചത്.
മലപ്പുറം തയ്ക്കടുത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.
താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്ന് നാല് നില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയെത്തി തീയണച്ചു.
മണ്ണാര്‍കാട് നഗരസഭാ ചെയര്‍മാന്‍ ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപിടിത്തം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.
സംഭവസ്ഥലത്ത് എത്താന്‍ ഫയര്‍ഫോഴ്സ് വൈകി എന്ന് ഫായിദ ബഷീര്‍ ആരോപിച്ചു. എന്നാല്‍ വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥലത്തെത്തി തീ അണച്ചു എന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്.