സനാ: യെമന്‍ തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു ക്യാബിന്‍ ക്രൂ അംഗത്തിനും പരിക്കേറ്റു.
അതേസമയം ആക്രമണസമയത്ത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ലോകാരോഗ്യാ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) തലവന്‍ ടെഡ്രോസ് അഥ്‌നോം ഗബ്രിയേയൂസ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും മറ്റ് ഡബ്ല്യു.എച്ച്.ഒ സഹപ്രവര്‍ത്തകരും വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കുണ്ട്.
‘യെമനില്‍ തടവിലാക്കപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ജീവനക്കാരെ മോചിപ്പിക്കുന്നതിനും യെമനിലെ ആരോഗ്യ-മാനുഷിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള ഞങ്ങളുടെ സന്ദര്‍ശനം ഇന്ന് സമാപിച്ചു.
ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ്, ഞങ്ങള്‍ സനയില്‍ നിന്ന് ഞങ്ങളുടെ വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണമുണ്ടായി. ഞങ്ങളുടെ വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് ജീവഹാനിയുണ്ടായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച് എന്നിവയ്ക്ക് സമീപമായിരുന്നു ആക്രമണം, ഞങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഏതാനും മീറ്ററുകള്‍ ദൂരത്തായിരുന്നു ഇത്.
റണ്‍വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ പുറപ്പെടുന്നതിന് മുമ്പ് ഈ തകര്‍ക്കപ്പെട്ട സൗകര്യങ്ങള്‍ നന്നാക്കേണ്ടതുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു,’ ടെഡ്രോസ് അഥ്‌നോം എക്‌സില്‍ കുറിച്ചു.
ആക്രമണത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അപലപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്ന് അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു. സിവിലിയന്മാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ഒരിക്കലും ലക്ഷ്യം വയ്ക്കരുതെന്നും ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.
മറ്റൊരു പോസ്റ്റില്‍, യെമനിനും ഇസ്രഈലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു. സന അന്താരാഷ്ട്ര വിമാനത്താവളം, ചെങ്കടല്‍ തുറമുഖങ്ങള്‍, യെമനിലെ പവര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ അതീവ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Two killed in Israeli attack on Yemen airport; The head of the World Health Organization escaped unscathed