| Wednesday, 12th April 2023, 4:08 pm

തെലങ്കാനയില്‍ ബി.ആര്‍.എസ് പരിപാടിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം; പത്ത് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖമ്മം: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ബി.ആര്‍എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്. ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. വൈര നിയോജക മണ്ഡലത്തിലെ ചീമലപ്പേട് ഗ്രാമത്തിലാണ് അപകടം നടന്നത്.

ബി.ആര്‍.എസ് യോഗത്തിനിടെ പാര്‍ട്ടി കേഡര്‍ പടക്കം പൊട്ടിച്ചപ്പോള്‍ സമീപത്തെ ഓട് മേഞ്ഞ വീട്ടിലേക്ക് തീ പടരുകയും വീട്ടിലുള്ള ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലെ രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരണപ്പെട്ടത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരാളുടെ കൈകാലുകളും അറ്റുപോയിട്ടുണ്ട്. പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഖമ്മം ലോക്‌സഭാ അംഗമായ നാമ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്.

സംഭവത്തില്‍ ബി.ആര്‍.എസ് ദേശീയ പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവുവും ബി.ആര്‍.എസ് വര്‍ക്കിങ് പ്രസിഡന്റും ഐ.ടി. മന്ത്രിയുമായ കെ.ടി. രാമ റാവുവും ഞെട്ടലറിയിച്ചു. അപകടം സംഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും നല്‍കുമെന്നും ചന്ദ്രശേഖര്‍ റാവു അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

content highlight: Two killed in gas explosion at BRS event in Telangana; Ten people are in critical condition

We use cookies to give you the best possible experience. Learn more