| Monday, 15th October 2018, 7:10 pm

മലപ്പുറത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് പേര്‍

സൗമ്യ ആര്‍. കൃഷ്ണ

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സെപ്തംബര്‍ ഒന്നിനാണ് . ഒരുമാസത്തിനിപ്പുറം മലപ്പുറത്ത് തന്നെ വീണ്ടും ഒരു ആള്‍ക്കൂട്ട ആക്രമണം നടന്നിരിക്കുന്നു. ചുമട്ടുതൊഴിലാളിയായ പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയയെ ഒരു സംഘം ആളുകള്‍ തല്ലിയും ചവിട്ടിയും കൊലപ്പെടുത്തി.

ഒക്റ്റോബര്‍ 12 വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

പൊട്ടിപ്പാറ സ്വദേശികള്‍ തന്നെയായ ഒരുസംഘമാളുകള്‍ കോയയെ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. ബോധരഹിതനായ കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചുവെന്ന് പൊലീസ് പറയുന്നു.


Read Also : ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹമുണ്ട്, സര്‍ക്കാരും പൊതുജനങ്ങളും കൂടെ നില്‍ക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക


55 വയസ്സുള്ള കോയ ജോലി ചെയ്തിരുന്ന വളം നിര്‍മ്മാണശാലക്ക് മുമ്പില്‍ വാഹനം നിര്‍ത്തിയിട്ടതിനെ ചൊല്ലി തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം നടക്കുന്നത് കണ്ടാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. പരസ്പരം നടത്തിയ ചീത്ത വിളികള്‍ ഉന്തിലും തള്ളിലേക്കും നയിച്ചു. അതിലൊരാള്‍ കോയയെ തല്ലുന്നത് കണ്ടു.

ആ അടി താങ്ങാനുള്ള ആരോഗ്യമില്ലാത്ത ആളാണ് കോയ. അയാള്‍ തിരിച്ചും ഒരു അടി അടിച്ചു. പിന്നീട് അവിടെ കൂട്ടത്തല്ലായിരുന്നു. ഞങ്ങള്‍ അടുത്ത് ചെല്ലുമ്പോഴേക്കും കോയ നിലത്ത് കിടന്ന് പിടയുകയായിരുന്നു. ഒരുപാട് പേര്‍ ചുറ്റുമുണ്ടായിരുന്നിട്ടും ആര്‍ക്കും വഴക്ക് തടയാന്‍ കഴിഞ്ഞില്ല – സംഭവത്തിന്റെ ദൃക്‌സാക്ഷി പറയുന്നു.

പരിക്കേറ്റ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാത്രി ഒന്‍പതരയോടെ മരിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്‌കര്‍, ഹക്കിം, മൊയ്തീന്‍ഷാ എന്നിവരുടെ പേരില്‍ വേങ്ങര പൊലീസ് കേസെടുത്തു.ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമാണ് എം.ജബ്ബാര്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആഗസ്ത് 24ാം തീയ്യതി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചു ചിലര്‍ സാജിദിനെ കെട്ടിയിട്ട് അക്രമിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.

സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം സാജിദിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാട്സ് ആപ്പിലും മറ്റും പ്രചരിച്ചിരുന്നു.

രണ്ട് സ്ഥലങ്ങളിലും മരണത്തില്‍ കൊണ്ടെത്തിച്ചത് ആള്‍ക്കൂട്ടാക്രമണമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. സാജിദിന്റെ മരണത്തിന് ആള്‍ക്കൂട്ടാക്രമണം ഉണ്ടാക്കിയ മാനസികാഘാതമാണ് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം കോയയെ മരണത്തിലെത്തിച്ചത് ക്രൂരമായ മര്‍ദ്ദനമായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സദാചാരം, സംശയം, വാക്കുതര്‍ക്കം ഇങ്ങനെ പല കാരണങ്ങളിലായി കേരളത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോഴിയെ മോഷ്ടിച്ചെന്ന പേരില്‍ അതിഥി തൊഴിലാളിയായ മാണിക് റോയിയെ തല്ലിക്കൊലപ്പെടുത്തിയതും ഈ വര്‍ഷം തന്നെയായിരുന്നു.

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more