| Thursday, 18th April 2019, 11:14 am

രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യേ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയുന്നത് മാസങ്ങള്‍ കഴിഞ്ഞ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യ. ലുധിയാന സ്വദേശിയായ സത്വീന്ദര്‍ സിങ്ങ് ഹൊഷ്യാപൂര്‍ സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാര്‍ച്ച് രണ്ടിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ സീമ റാണി പറഞ്ഞു.

ഇതേതുടര്‍ന്ന് സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സീമ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായും തുടര്‍ന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്.

വധശിക്ഷയുടെ കാര്യം റിയാദിലെ ഇന്ത്യന്‍ എംബസിയെപ്പോലും അറിയിച്ചിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതും ഇത് തടയാന്‍ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. കൂടൂതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015 ഡിസംബര്‍ 9നാണ് ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും അറസ്റ്റിലാകുന്നത്. മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയെയോ ബന്ധപ്പെട്ടവരെയോ സൗദി അധികൃതര്‍ അറിയിച്ചിരുന്നില്ല. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തിരുന്നു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ചായിരുന്നു വധശിക്ഷ.


We use cookies to give you the best possible experience. Learn more