ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് രണ്ട് മരണം. അപകടത്തില്‍ 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശിവഗംഗ ജില്ലയിലെ സിറാവയല്‍ ഗ്രാമത്തില്‍ ബുധനാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വളയംപെട്ടി സ്വദേശി 12 വയസ്സുകാരനായ ഭാസ്‌കരന്‍ എന്ന രാഹുല്‍, നാല്‍പതിനടുത്ത് പ്രായമുള്ള മറ്റൊരാള്‍ എന്നിവരാണ് മരണപ്പെട്ടത്.
നിസാന്‍ മാഗ്നറ്റ് കാറായിരുന്നു വിജിയക്കുള്ള സമ്മാനം. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ കാളകള്‍ക്കും ഓരോ സ്വര്‍ണനാണയവും ലഭിച്ചിരുന്നു. മധുര ജില്ലയിലെ അരങ്കനല്ലൂരില്‍ നടന്ന ജെല്ലിക്കെട്ടിലും അപകടമുണ്ടായിരുന്നു. ഇവിടെ ഒരു പൊലീസുകാരനടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അരങ്കനല്ലൂരില്‍ 1200 കാളകളും കാളകളെ മെരുക്കുന്ന 800 വീരന്‍മാരുമാണ് പങ്കെടുത്തത്. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 1500 പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരങ്ങള്‍ക്ക് വലിയ തിരക്കാണനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസമായാണ് ജെല്ലിക്കെട്ട് മത്സരങ്ങള്‍ നടക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് അതത് ജില്ലാകളക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീം, വെറ്റിനെറി ടീം, റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍, ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
content highlights; Two including 12-year-old killed, 70 injured after bull gore during Jallikattu in Tamil Nadu