| Friday, 9th August 2024, 4:00 pm

ബംഗ്ലാദേശ് മന്ത്രിസഭയില്‍ രണ്ട് ഹിന്ദു മന്ത്രിമാര്‍ ചുമതലയേറ്റതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ പുതുതായി ചുമതലയേറ്റ മന്ത്രി സഭയില്‍ രണ്ട് ഹിന്ദു മന്ത്രിമാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സുപ്രദീപ് ചക്മ, ബിദന്‍ രഞ്ജന്‍ റോയ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിനെ തുടര്‍ന്നാണ് ഇടക്കാല മന്ത്രി സഭ രൂപികരിച്ചത്.

മെക്‌സികോയിലെയും വിയറ്റ്‌നാമിലെയും മുന്‍ ബംഗ്ലാദേശ് അംബാസിഡറായി പ്രവര്‍ത്തിച്ച സുപ്രദീപ് ചക്മ, നിലവില്‍ ചിറ്റാഗോങ് ഹില്‍ ട്രാക്ട്‌സ് ഡെവലപ്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാണ്. ബിധന്‍ രഞ്ജന്‍ റോയ് പ്രമുഖ മനഃശാസ്ത്ര വിദഗ്ധനും നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ഹോസ്പിറ്റല്‍ ഡയറക്ടറുമാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാമൂഹിക,രാഷ്ട്രീയ,നയതന്ത്ര രംഗത്തെ നിരവധി വ്യക്തികള്‍ പങ്കെടുത്തു.

12 ലധികം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ മന്ത്രിസഭയില്‍ സംവരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പ്രധാന സംഘടനകളിലൊന്നായ ‘സ്റ്റുഡന്‍സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷനി’ലെ നേതാക്കളായ നഹീദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ തങ്ങളാല്‍ ആകുംവിധം പ്രവര്‍ത്തിക്കുമെന്നും തിരഞ്ഞെടുപ്പിനായി ബംഗ്ലാദേശിനെ തയ്യാറാക്കുമെന്നും മന്ത്രിസഭ ഉറപ്പ് നല്‍കി. എന്നാല്‍ പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ മന്ത്രിമാര്‍ എന്നല്ല മറിച്ച് ഉപദേശകര്‍ എന്ന പേരിലാവും അറിയപ്പെടുക എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

‘പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത പ്രൊഫസര്‍ മുഹമ്മദ് യൂനിസിന് എന്റെ ആശംസകള്‍. സുരക്ഷ, സമാധാനം,വികസനം, എന്നീ മേഖലകളിലായി ഇരു രാജ്യത്തിന്റെയും പുരോഗതി ലക്ഷ്യംവെച്ച് ബംഗ്ലാദേശുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ആശംസകള്‍,’ മോദി എക്‌സില്‍ കുറിച്ചു.

എന്നാല്‍ രാജ്യം വിട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ഇന്ത്യ സംരക്ഷണം നല്‍കുന്നത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് ഗയേശ്വര്‍ റോയി രംഗത്തെത്തിയിരുന്നു.

‘ബംഗ്ലാദേശിന്റെയും ഇന്ത്യയുടേയും പരസ്പര സഹകരണത്തിലാണ് ബി.എന്‍.പി വിശ്വസിക്കുന്നത്. എന്നാല്‍ തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അത് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കും. ഗയേശ്വര്‍ റോയി പ്രതികരിച്ചു.

ഹസീനയുടെ അവാമി ലീഗിന്റെ മുഖ്യ എതിരാളിയാണ് ബി.എന്‍.പി. പാര്‍ട്ടിയുടെ മുഖ്യ നേതാവായ ഖാലിദ് സിയ, ഷെയ്ഖ് ഹസീന രാജിവെച്ചതോട് കൂടി ജയില്‍ മോചിതയായിരുന്നു. ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് 450ല്‍ അധികം പേരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്.

Content Highlight: two Hindus sworn in as Bangladeshi cabinet

We use cookies to give you the best possible experience. Learn more