| Friday, 16th December 2016, 11:17 am

ഓര്‍ഡര്‍ ചെയ്തിട്ട് ലഭിച്ചത് കാലി ബോക്‌സുകളെന്ന് പറഞ്ഞ് തട്ടിപ്പ്: ഫ്‌ളിപ്കാര്‍ട്ടിനെ പറ്റിച്ച് 152 സ്മാര്‍ട്‌ഫോണും 1.05 കോടി രൂപയും തട്ടിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഓര്‍ഡര്‍ ചെയ്തിട്ട് ലഭിച്ചത് കാലി ബോക്‌സുകളാണെന്ന് പറഞ്ഞ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും 1.05 കോടി രൂപയും 152 സ്മാര്‍ട്‌ഫോണുകളും തട്ടിയ എഞ്ചിനിയറിങ് ബിരുദദാരികളായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

ഗ്വാളിയറിലെ ബി ടെക് വിദ്യാര്‍ത്ഥിയായ രാഹുല്‍ മീന (20) ധര്‍മരാജ് മീന(20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.

ഫ്ളിപ്പ്കാര്‍ട്ട് സോണല്‍ മാനേജര്‍ മനോജ് ചൗധരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

ഓര്‍ഡര്‍ ചെയ്ത് ലഭിച്ചത് ഒഴിഞ്ഞ ബോക്സുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ 50 ലക്ഷം രൂപ തട്ടിയെന്നും മറ്റൊരാള്‍ 55 ലക്ഷം രൂപയും 152 സ്മാര്‍ട്‌ഫോണുകളും സ്വന്തമാക്കിയെന്നുമായിരുന്നു പരാതി.

വിവിധ പേരുകളിലും അഡ്രസ്സുകളിലുമാണ് ധര്‍മ്മരാജും രാഹുലും സ്മാര്‍ട്ട്ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ചത് ഒഴിഞ്ഞ ബോക്സുകളാണെന്ന് പരാതിപ്പെട്ട് കമ്പനിയില്‍ നിന്നും പണം തിരിച്ചുവാങ്ങുകയായിരുന്നു ഇവര്‍. ഈ തട്ടിപ്പ് കുറേക്കാലമായി ഇവര്‍ തുടങ്ങിയിട്ടെന്ന് മനോജ് ചൗധരി പറയുന്നു.

ഒന്നരവര്‍ഷക്കാലമായി കമ്പനിയെ പറ്റിക്കുന്നവരാണ് അറസ്റ്റിലായവര്‍. പണം റീഫണ്ട് ചെയ്യാനായി യുവാക്കള്‍ നല്‍കിയ രണ്ട് ബാങ്ക് അക്കൗണ്ടുകളും ഒന്നാണെന്ന കാര്യം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്താകുന്നത്.

രണ്ട് യുവാക്കളും ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നും നിരവധി ആഢംബര വാഹനങ്ങള്‍ ഇവരുടെ കൈവശം ഉണ്ടെന്നും പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ബീച്ച് ഗ്വാണ്ടി ഗ്രാമത്തില്‍ നിന്നുള്ളവരാണ് യുവാക്കള്‍. ഇവരില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങി മറിച്ചുവിറ്റ അഞ്ച് പേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more