ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ രണ്ടു ടീമുകളെ പങ്കെടുപ്പിക്കാന്‍ ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷന്‍(എ.ഐ.ടി.എ) തീരുമാനിച്ചു. ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം വിഷ്ണുവര്‍ധനും മഹേഷ് ഭൂപതിയ്‌ക്കൊപ്പം രോഹന്‍ ബൊപ്പണ്ണയും കളിക്കുണമെന്നും അസോസിയേഷന്‍ അറിയിച്ചു.
സാനിയാ മിര്‍സയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കായി അപേക്ഷ നല്‍കാനും എന്‍ട്രി ലഭിക്കുകയാണെങ്കില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയക്കൊപ്പം ലിയാന്‍ഡറിനെ പങ്കാളിയാക്കാനും എ.ഐ.ടി.എ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കന്ന ടെന്നീസ് താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് അസോസിയേഷന്റെ തീരുമാനം.
മഹേഷ് ഭൂപതിയ്‌ക്കൊപ്പമോ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമോ കളിക്കാന്‍ താന്‍ തയ്യാറാണെന്നും അതല്ലാതെ റാങ്കിംഗില്‍ താഴെയുള്ളൊരു താരത്തിനൊപ്പം ഒളിമ്പിക്‌സിനു പോകുന്നതിനേക്കാള്‍ കളിക്കാതിരിക്കാനാണ് താത്പര്യമെന്ന് കാണിച്ച് ലിയാന്‍ഡര്‍ പെയ്‌സ് ഇന്നലെ അസോസിയേഷന് കത്തയച്ചിരുന്നു.
അതിനുപുറമേ ഒളിമ്പിക്‌സിന് രണ്ടു ടീമിനെ അയച്ചാല്‍ താന്‍ പിന്മാറുമെന്നും പെയ്‌സ് കത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പെയ്‌സിന്റെ അഭിപ്രായത്തിന് വിരുദ്ധമായാണ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടുള്ളത്. അസോസിയേഷന്റെ ഈ തീരുമാനത്തെക്കുറിച്ച് പെയ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ ഓള്‍ ഇന്ത്യാ ടെന്നിസ് അസോസിയേഷന്റെ ഈ തീരുമാനത്തെ പെയ്‌സ് അനുകൂലിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് വെയ്‌സ് പെയ്‌സ് പ്രതികരിച്ചു