ഹരിദ്വാര്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് മടങ്ങാനൊരുങ്ങി രണ്ട് പ്രധാന സന്യാസി വിഭാഗങ്ങള്‍. നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങളാണ് കുംഭമേളയില്‍ നിന്ന് മടങ്ങുകയാണെന്ന് വ്യക്തമാക്കിയത്.
രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പലര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ കുഭമേളയില്‍ നിന്ന് മടങ്ങുകയാണെന്ന് നിരഞ്ജനി അഖാഡ സെക്രട്ടറി രവിന്ദ്ര പുരി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രധാന ചടങ്ങായ ‘ഷാഹി സ്‌നാന്‍’ ഏപ്രില്‍ 14ന് കഴിഞ്ഞു. കൂട്ടത്തിലുള്ള പല സന്യാസിമാര്‍ക്കും കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് കുഭമേള അവസാനിച്ചു,’ രവിന്ദ്ര പുരി പറഞ്ഞു.
കുംഭമേളയില്‍ പങ്കെടുത്ത അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ പ്രസിഡന്റ് നരേന്ദ്ര ഗിരി കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലാണെന്നാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുംഭമേളയില്‍ നിന്ന് പിന്മാറാനുള്ള ഇവരുടെ തീരുമാനം.
കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലേറെ പേര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കുംഭമേളയില്‍ നിന്ന് പിന്മാറില്ലെന്നും ഏപ്രില്‍ 30 വരെ നടത്തുമെന്നുമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചത്. അതേസമയം കുംഭമേളയില്‍ നിന്ന് ഉത്തരാഖണ്ഡ് പൊലീസിനെ പിന്‍വലിച്ചിരുന്നു.
‘ഷാഹി സ്നാന്‍’ ഉള്‍പ്പെടെയുള്ള ഹരിദ്വാര്‍ കുംഭത്തിന്റെ പ്രധാന ഭാഗം കഴിഞ്ഞതിനാല്‍ അവിടെ വിന്യസിച്ച മൊത്തം സേനയുടെ 50 ശതമാനം പിന്‍വലിക്കുന്നു എന്നായിരുന്നു ഉത്തരാഖണ്ഡ് അറിയിച്ചത്. ബാക്കി സേനയും ഘട്ടംഘട്ടമായി പിന്‍വലിക്കും എന്നാണ് ഡി.ജി.പി പറഞ്ഞത്.
14 ലക്ഷത്തിലധികം ആളുകളാണ് ഗംഗാ സ്നാനം നടത്തിയത്. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നടത്തുന്ന കുംഭ മേളയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കുംഭ മേള നടക്കുന്ന സ്ഥലത്തുനിന്ന് പൊലീസിനെ പിന്‍വലിക്കുന്നതോടെ സ്ഥിതികള്‍ നിയന്ത്രിക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് നിലവില്‍ ഉയര്‍ന്നുവരുന്ന ആശങ്ക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക