ബാമാകോ: മാലിയില്‍ ഫ്രഞ്ച് പട്ടാളത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫീസ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഫ്രഞ്ച് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. മാലിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട മേനകയില്‍ വെച്ചായിരുന്നു സംഭവം. പട്ടാളക്കാര്‍ക്കെതിരെ സഞ്ചരിച്ച വാഹനത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്തു.
സെര്‍ജന്റ് വോനേ ഹ്യുന്‍ഹ്, ബ്രിഗേഡിയര്‍ ലോയിക് റിസേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ‘ഇന്റലിജന്‍സ് മിഷന്‍’ ആണെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
നേരത്തെ ഡിസംബര്‍ 29ന് നടന്ന ആക്രമണത്തില്‍ മൂന്ന് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മോപ്തി പ്രവിശ്യയിലെ ഹോംബോറി പ്രദേശത്തുവെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് സമാനമായ രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സൈനികര്‍ സഞ്ചരിച്ച വാഹനത്തെ ആക്രമിക്കുകയായിരുന്നു.
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ടു സപ്പോര്‍ട്ട് ഇസ് ലാം ആന്റ് മുസ് ലിം (ജി.എസ്.ഐ.എം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
2013 ജനുവരിയിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ മാലിയില്‍ സൈന്യത്തെ വിന്യസിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്തി അധികാരം പിടിച്ചെടുത്ത ഗ്രൂപ്പുകളെ നേരിടുന്നതിന് വേണ്ടിയായിരുന്നു ഫ്രഞ്ച് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി സൈനികരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലായി ഏകദേശം 5,000 ഫ്രഞ്ച് ട്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക