| Tuesday, 8th October 2019, 10:55 pm

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് ഐ.എന്‍.എല്‍.ഡി നേതാക്കളുടെ വരവ്; രണ്ട് മുന്‍ എം.പിമാര്‍ പാര്‍ട്ടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിലെ (ഐ.എന്‍.എല്‍.ഡി) മുതിര്‍ന്ന രണ്ടു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.പിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയുമാണ് കോണ്‍ഗ്രസിലെത്തിയത്.

കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷ കുമാരി ഷെല്‍ജയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. സിര്‍സയില്‍ നിന്നു കഴിഞ്ഞതവണ എം.പിയായിരുന്നു റോറി. 1998 മുതല്‍ 2004 വരെ ഇന്‍ഡോറയായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള എം.പി.

2009-ലും 2014-ലും സിര്‍സയില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച ഉടന്‍ തന്നെയാണ് റോറിയുടെ പാര്‍ട്ടിപ്രവേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു പരാജയമായിരുന്നെന്നും റോറി പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുനിതാ ദഗ്ഗലിനോട് 626,258 വോട്ടിനാണ് റോറി പരാജയപ്പെട്ടത്. 2014-ല്‍ തന്‍വാറിന്റെ 115,736 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞവര്‍ഷമാണ് ഐ.എന്‍.എല്‍.ഡിയില്‍ പിളര്‍പ്പുണ്ടായത്. ചൗട്ടാല കുടുംബത്തിനെതിരായ വികാരമാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ കാരണം. തുടര്‍ന്ന് ഒട്ടേറെ നേതാക്കളും എം.എല്‍.എമാരും ബി.ജെ.പിയിലും കോണ്‍ഗ്രസിലും ജനന്‍നായക് ജനതാ പാര്‍ട്ടിയിലുമായി ചേര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എല്‍.ഡി പിളര്‍ന്നപ്പോള്‍ രൂപംകൊണ്ടതാണ് ജന്‍നായക് ജനതാ പാര്‍ട്ടി. ആദ്യമായാണ് അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.

ഹരിയാന ബി.ജെ.പിയുടെ പക്കല്‍ നിന്നു പിടിച്ചെടുക്കാന്‍ നോക്കുന്ന കോണ്‍ഗ്രസിന് ഇരുനേതാക്കളും പാര്‍ട്ടിയിലെത്തിയത് ഊര്‍ജമാകും. ഐ.എന്‍.എല്‍.ഡിയുമായി സഖ്യത്തിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനായിരുന്നില്ല.

We use cookies to give you the best possible experience. Learn more