ഗോവ ഫിലിം ഫെസ്റ്റിവെലിനിടെ പ്രതിഷേധിച്ച എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
Daily News
ഗോവ ഫിലിം ഫെസ്റ്റിവെലിനിടെ പ്രതിഷേധിച്ച എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st November 2015, 10:29 am

ftii4 പനാജി: ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിനിടെപ്രതിഷേധ പ്രകടനം നടത്തിയ രണ്ട് മുന്‍ എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്ഘാടന ചടങ്ങ് നടന്നുകൊണ്ടിരിക്കെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളിയുമായി വേദിയിലെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

ബോത്ത് കിസ്ലി (എഫ്.ടി.ഐ.ഐ 2009 ബാച്ച്), സുഭം (2006 ബാച്ച്) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഗോവ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

” ഞങ്ങള്‍ അവരെ ചോദ്യം ചെയ്യുകയാണ്. വേദിയില്‍ എത്തുന്നതിനായി അവര്‍ക്ക് മതിയായ അനുമതി ലഭിച്ചിരുന്നോ എന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കും.” ഗോവ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുനില്‍ ഗാര്‍ഗ് പറഞ്ഞു.

ഇവരില്‍ നിന്നും ചില നോട്ടീസുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ അതിലെ ഉളളടക്കം പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

ഉദ്ഘാടന ചടങ്ങില്‍ ഐ.എഫ്.എഫ്.ഐ മുഖ്യാതിഥിയായ അനില്‍ കപൂര്‍ അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ത്തിയാക്കിയശേഷമായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. കിസ്ലിയും സുഭാമും സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ സീരിയന്‍ നടനായ ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐയുടെ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. 139 ദിവസത്തെ പ്രതിഷേധത്തിനുശേഷം വിദ്യാര്‍ഥികള്‍ ക്ലാസ് നടത്താന്‍ അനുവദിച്ചെങ്കിലും നിയമത്തെ എതിര്‍ക്കുന്നത് തുടരുകതന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.