| Thursday, 25th April 2024, 10:46 am

കപ്പിള്‍ ഗോള്‍സ് എന്ന് പറഞ്ഞാല്‍ ഇതാണ്, ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഫഹദും നസ്രിയയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ മലയാളസിനിമക്ക് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ പറ്റുന്ന വര്‍ഷമാണ് 2024. ബോക്‌സ് ഓഫീസ് പ്രകടനം കൊണ്ടും മികച്ച കണ്ടന്റുകള്‍ കൊണ്ടും ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ മലയാള സിനിമക്ക് അഭിമാനക്കാവുന്ന സിനിമകളാണ് നാല് മാസം കൊണ്ട് റിലീസായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ വിഷു റിലീസായി എത്തിയ ആവേശവും 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ടാണ് രംഗണ്ണനും പിള്ളേരും 100 കോടി നേടിയത്. 2024ലെ നാലാമത്തെ 100 കോടി ചിത്രമാണ് ആവേശം.

എന്നാല്‍ ഈ ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ മലയാളത്തിലെ ഒരു താരജോഡിയുടെ പങ്ക് വലുതാണ്. ഫഹദ് ഫാസിലും നസ്രിയയും നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഓരോ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ എത്തിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായ പ്രേമലുവിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ഫഹദായിരുന്നു.

കേരളത്തിന് പുറമെ ആന്ധ്രയിലും പ്രേമലു വന്‍ വിജയമായിരുന്നു. സിനിമയുടെ തെലുങ്ക് ഡബ്ബിന്റെ റൈറ്റ്‌സ് വാങ്ങിയത് എസ്.എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ ആയിരുന്നു. ചിത്രം കണ്ട് രാജമൗലി അടക്കം തെലുങ്കിലെ പല വലിയ താരങ്ങളും അഭിനന്ദിച്ചിരുന്നു. ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് എന്നിവരുടെ ഭാവനാ സ്റ്റുഡിയോസിന്റെ അമരക്കാര്‍.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ ഒരുങ്ങിയ ആവേശത്തിന്റെ നിര്‍മാണ പങ്കാളിയാണ് നസ്രിയ. കോമഡിയും, മാസും, ഇമോഷന്‍സും എല്ലാം ചേര്‍ന്ന പെര്‍ഫക്ട് എന്റര്‍ടൈനറായിരുന്നു ആവേശം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ ജനപ്രവാഹം തീര്‍ക്കുകയാണ് ആവേശം. മറ്റേതെങ്കിലും ഇന്‍ഡസ്ട്രികളില്‍ ഇതുപോലെ താരജോഡികള്‍ ചേര്‍ന്ന് ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ടിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Content Highlight: Two films produced by Fahadh Faasil and Nazriya entered in 100 crore club

We use cookies to give you the best possible experience. Learn more