തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിന ആഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം.
ഇന്ന് പുലർച്ചെ സൂര്യയുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഇരുമ്പ് കട്ട് ഔട്ട് വൈദ്യുത കമ്പിയിൽ സ്പർശിക്കുകയും ഷോക്ക് എൽക്കുകയുമായിരുന്നു. വെങ്കിടേഷ് (19), സായി (20) എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം മറ്റ് സൂര്യ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
തെന്നിന്ത്യയിൽ വിവിധ ഇടങ്ങളിലായി താരത്തിന്റെ പിറന്നാൾ വലിയ ആഘോഷമാക്കുകയാണ് ആരാധകർ. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് വിവിധ ഇടങ്ങളിൽ നടക്കുന്നത്. സൂര്യയുടെ 48-ാം പിറന്നാൾ ആണ്.