ജമ്മു: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. ഞായറാഴ്ച പുലര്‍ച്ചെ 1.42ഓടെയാണ് വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ രണ്ട് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് മിനുട്ടിന്റെ ഇടവേളയിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ജമ്മുവില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ജീവഹാനിയോ യന്ത്രങ്ങള്‍ക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്ന് ഡിഫന്‍സ് പി.ആര്‍.ഒ. ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം ഉണ്ടായത്.
ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് കേള്‍ക്കാവുന്ന തരത്തിലായിരുന്നു പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം. സ്‌ഫോടനം നടന്നതിന് പിന്നാലെ പൊലീസ്, ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Two explosions heard inside technical area of Jammu airport