തിരുവനന്തപുരം: കൊച്ചി ജലമെട്രോ അതോറിറ്റിക്കായി നിര്‍മിച്ച രണ്ട് വൈദ്യുതി ബോട്ടുകള്‍ ഉത്തര്‍പ്രദേശിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്.
ഒരു വൈദ്യുതി ബോട്ട് അയോധ്യയിലേക്കും മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കും മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡിസംബര്‍ പകുതിയോടെ ബോട്ടുകള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയെങ്കിലും ഈ വിവരം കപ്പല്‍ നിര്‍മാണ കമ്പനി പരസ്യമാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മാര്‍ച്ചോടെ 11 ബോട്ടുകള്‍ കൊച്ചി ജലമെട്രോക്ക് നല്‍കുമെന്ന കരാറിന്റെ ഭാഗമായി നിര്‍മിച്ച ബോട്ടുകളാണ് ഉത്തര്‍പ്രദേശിലേക്ക് കടത്തിയിരിക്കുന്നത്. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 50 സീറ്റുകളുള്ള ബോട്ടുകളാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സരയൂ നദിയിലൂടെ ബോട്ട് സര്‍വീസ് തുടങ്ങാനാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ബോട്ടുകള്‍ അയോധ്യയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ഉത്തര്‍പ്രദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇടപാട് പുറത്തുവരുന്നത്. രാജ്യത്തെ രണ്ടാമത്തെ ജലമെട്രോ അയോധ്യയില്‍ തുടക്കം കുറിക്കുന്നുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.
കൈമാറ്റം ചെയ്ത വൈദ്യുതി ബോട്ടുകള്‍ കൊല്‍ക്കത്തയില്‍ എത്തിച്ച് ജലമാര്‍ഗം വഴി അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോകുമെന്നാണ് സൂചന.
അതേസമയം ജനുവരിയില്‍ സൗത്ത് ചിറ്റൂരിലേക്കുള്ള ബോട്ട് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കൊച്ചി മെട്രോ. മാര്‍ച്ചോടെ ഏലൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട് കൊച്ചി ടെര്‍മിനലുകളിലേക്കും സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ബോട്ടുകള്‍ ഉത്തര്‍പ്രദേശിലേക്ക് മാറ്റിയത്. രാജ്യത്താദ്യമായി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമില്ലാതെ നടപ്പിലാക്കിയ ഒന്നാണ് കൊച്ചി ജലമെട്രോ.
എന്നാല്‍ വിഷയത്തില്‍ യു.പിയിലേക്ക് കൊണ്ടുപോയ കപ്പലുകള്‍ കൊച്ചി കപ്പല്‍ശാലയുടെ കൊല്‍ക്കത്തയിലുള്ള ഉപകമ്പനിക്ക് ലഭിച്ച കരാര്‍പ്രകാരം നിര്‍മിച്ചവയാണെന്നാണ് കപ്പല്‍ശാല അധികൃതര്‍ പ്രതികരണം.
Content Highlight: Two electric boats of Kochi Jalmetro shifted to Uttar Pradesh