തിരുവനന്തപുരം: വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതുപണിമുടക്ക് അരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്തോളം വരുന്ന കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28, 29 തീയ്യതികളിലായാണ് പണിമുടക്ക് നടക്കുന്നത്.
സര്‍വീസ് സംഘടനകളടക്കം പിന്തുണ അറിയിച്ചതോടെ പണിമുടക്കിന് ഹര്‍ത്താലിന്റെ മാനം കൈവന്നിരിക്കുകയാണ്.
തൊഴിലാളി വിരുദ്ധ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്‍.ഐ.സി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം.
തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.
അവശ്യപ്രതിരോധസേവന നിയമം പിന്‍വലിക്കുക, കൊവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
സംസ്ഥാനത്തും പണിമുടക്ക് ജനജീവിത്തെ സാരമായി തന്നെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ബി.പി.സി.എല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞുവെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്നിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്നലെ പിന്‍വലിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം പല ബസുകളും ഓടി തുടങ്ങിയെങ്കിലും വൈകീട്ടോടെ തന്നെ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഗതാഗതസംവിധാനം ബുധനാഴ്ചയോടെ മാത്രമേ സാധാരണഗതിയിലാവുകയുള്ളൂ.
പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നീ അവശ്യസര്‍വീസുകള്‍ പണിമുടക്കിലുണ്ടാകില്ല. ഹോട്ടലുകളും തുറക്കില്ല. സ്വിഗ്വി സൊമാറ്റോ തുടങ്ങിയ സര്‍വ്വീസുകളും ഉണ്ടാകില്ലെന്നാണ് സൂചന.
സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള സര്‍വീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ബസ് സര്‍വീസുകളും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Content Highlight: Two Day Nationwide Strike Started