| Saturday, 13th November 2021, 1:10 pm

കര്‍ഷകരെ ദ്രോഹിക്കുന്നത് ഫാഷനായി; ദല്‍ഹിയിലെ വായുമലിനീകരണം കര്‍ഷകരുടെ തലയിലിടാനുള്ള കേന്ദ്രത്തിന്റെ നീക്കം പൊളിച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി.

ആവശ്യമാണെങ്കില്‍ കേന്ദ്രത്തിന് ദല്‍ഹിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

” നിങ്ങള് പറയൂ, എങ്ങനെയാണ് ഈ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുന്നത്? രണ്ട് ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണോ?” കോടതി ചോദിച്ചു. രാഷ്ട്രീയം നോക്കാതെ വിഷയത്തില്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ദല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണെന്നും കേന്ദ്രം വാദിച്ചു.

എന്നാല്‍, മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്ന് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അതെന്നും ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു.

ദല്‍ഹി സര്‍ക്കാരായാലും മറ്റാരായാലും കര്‍ഷകരെ ദ്രോഹിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നും കോടതി പറഞ്ഞു.

വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Two-day lockdown?’: SC asks Centre to take ’emergency measures’ on Delhi air pollution

We use cookies to give you the best possible experience. Learn more