national news
ജാതിസംഘര്‍ഷം: തമിഴ്‌നാട്ടില്‍ ദളിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 10, 02:17 am
Saturday, 10th April 2021, 7:47 am

ചെന്നൈ: തമിഴ്‌നാട് അരക്കോണത്ത് ജാതി സംഘര്‍ഷത്തില്‍ രണ്ട് ദളിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കേസിലുള്‍പ്പെട്ട പത്തിലധികം പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ വണ്ണിയ സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിച്ചത്.

റാണി പേട്ട ജില്ലയിലെ അരക്കോണം ഗുരുവരഞ്ചപേട്ടയിലാണ് ദളിത് – വണ്ണിയ സംഘര്‍ഷം ഉണ്ടായത്. ജംഗ്ഷനില്‍ ബസ് കാത്തുനിന്ന വണ്ണിയ സമുദായത്തിലെ യുവാവിനെ ദളിത് യുവാവ് അശ്ശീല ആംഗ്യം കാണിച്ചുവെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്.

ഏപ്രില്‍ ഏഴിന് വൈകിട്ടോടെ തുടങ്ങിയ തര്‍ക്കം ഇരുവിഭാഗത്തിലേയും നേതാക്കള്‍ എത്തി പരിഹരിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രാത്രിയോടെ വണ്ണിയ സമുദായത്തില്‍പെട്ട കുറച്ചുപേര്‍ സംഘടിച്ചെത്തി ദളിത് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സംഘര്‍ഷത്തില്‍ അര്‍ജുനന്‍, സൂര്യ എന്നിവരെ ആക്രമികള്‍ മദ്യക്കുപ്പികള്‍ കൊണ്ട് കുത്തുകയും ഗുരുതരമായി പരിക്കേറ്റ ഇവര്‍ കൊല്ലപ്പെടുകയുമായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആറ് വണ്ണിയ നേതാക്കന്‍മാരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്. കൊലപാതകം, കലാപമുണ്ടാക്കല്‍, എസ് സി, എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ റാണിപേട്ടിലും സമീപ പ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Caste Conflict And Murder In Tamilnadu