ഭോപ്പാല്‍: മധ്യപ്രദേശിലെ രണ്ട് ദലിത് വിദ്യാര്‍ത്ഥിനികളെ പരീക്ഷാനിരീക്ഷകര്‍ വസ്ത്രാക്ഷേപം ചെയ്തതായി ആരോപണം. മാര്‍ച്ച് 15ന് ഗണിത പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
ഭോപ്പാലിലെ ബാരേബര ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം നടന്നത്. 40 ആണ്‍കുട്ടികളും വിരലിലെണ്ണാവുന്ന പെണ്‍കുട്ടികളുമാണ് പരീക്ഷയ്‌ക്കെത്തിയിരുന്നത്. പരീക്ഷാ ഹാളില്‍ പരിശോധനയ്ക്കായെത്തിയ പ്രീതി ശര്‍മ, രേഷ്മ സിമയ്യ എന്നിവര്‍ക്ക് ചില വിദ്യാര്‍ത്ഥികള്‍ തുണ്ടുകടലാസുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് സംശയം തോന്നി. ഇതേ തുടര്‍ന്ന് ഈ പെണ്‍കുട്ടികളോട് തുണിയുരിയാന്‍ പറയുകയായിരുന്നു.
താന്‍ ഉടുപ്പഴിക്കാന്‍ വിമ്മതിച്ചപ്പോള്‍ നിരീക്ഷകരിലൊരാള്‍ ചീത്തവിളിക്കുകയും വസ്ത്രമഴിച്ചില്ലെങ്കില്‍ സാല്‍വാറിന്റെ കെട്ട്മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടികളിലൊരാള്‍ മജിസ്‌ട്രേറ്റ് പി.എന്‍ യാദവിന് മുമ്പാകെ മൊഴി നല്‍കി. എന്നിട്ടും പെണ്‍കുട്ടികള്‍ ഉടുപ്പഴിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ക്ലാസിലെ ആണ്‍കുട്ടികള്‍ നോക്കിനില്‍ക്കെ ഇവര്‍ വസ്ത്രം വലിച്ചുകീറുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും തുണ്ടുകടലാസുകളൊന്നും പിടിച്ചെടുക്കാന്‍ നിരീക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കുശേഷം ഇവരോട് നിരീക്ഷകര്‍ തിരിച്ചുപോകാന്‍ പറയുകയും ചെയ്തു.
സംഭവം നടന്ന് ഒന്‍പത് ദിവസമായിട്ടും പെണ്‍കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇന്നലെയാണ് ഇവര്‍ നടന്നകാര്യം രക്ഷിതാക്കളോട് പറയുന്നത്. രക്ഷിതാക്കള്‍ ജില്ലാഭരണകൂടത്തിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.