| Friday, 24th February 2023, 10:34 pm

ഔറംഗാബാദ് ഇനി ഛത്രപതി സാംബാജിനഗര്‍; മഹാരാഷ്ട്രയില്‍ രണ്ട് നഗരങ്ങള്‍ക്ക് പേര് മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റി സര്‍ക്കാര്‍. ഔറംഗബാദ് സിറ്റി ഇനി മുതല്‍ ഛത്രപതി സംബാജിനഗര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരു നഗരങ്ങളുടെയും പുതിയ പേര് പ്രഖ്യാപിച്ചത.്

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബില്‍ നിന്നായിരുന്നു നഗരത്തിന് ഔറംഗാബാദ് എന്ന പേര് ലഭിച്ചത്. ഛത്രപതി ശിവാജിയുടെ മുതിര്‍ന്ന മകനും മഹാരാഷ്ട്രയുടെ രണ്ടാമത്തെ ഭരണാധികാരിയുമായിരുന്നു ഛത്രപതി സംബാജി.

ഔറംഗസേബിന്റെ ഉത്തരവിനെ തുടര്‍ന്ന് 1689ലായിരുന്നു ഛത്രപതി ശിവാജിയെ തൂക്കിലേറ്റിയതെന്നാണ് ചരിത്രം.

എട്ടാം നൂറ്റാണ്ടില്‍ ഒസ്മാനാബാദിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഗുഹയുടെ പേരാണ് ധാരാശിവ്.

ഇരു നഗരങ്ങളുടേയും പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.

ഇരു നഗരങ്ങളുടേയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.

Content Highlight: Two cities renamed in Maharashtra

We use cookies to give you the best possible experience. Learn more