അവരെ കണ്ടാല്‍ തല്ലാനായി രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ട്; കേസ് എന്തിനായിരുന്നെന്ന് സിബി മാത്യൂസ് പറയണമെന്നും നമ്പി നാരായണന്‍
Kerala News
അവരെ കണ്ടാല്‍ തല്ലാനായി രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ട്; കേസ് എന്തിനായിരുന്നെന്ന് സിബി മാത്യൂസ് പറയണമെന്നും നമ്പി നാരായണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2018, 8:49 am

തിരുവനന്തപുരം: ചോദ്യം ചെയ്യലിനിടെ തന്നെ അടിച്ച ഐ.ബി ഉദ്യോഗസ്ഥര്‍ക്കായി രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും എന്നാല്‍ അവരെ ഇപ്പോള്‍ കാണാനെയില്ലെന്നും നമ്പി നാരായണന്‍. കേസരി ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാരക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് ഐ.ബി ഉദ്യോഗഗസ്ഥര്‍ മര്‍ദ്ദിച്ചിരുന്നെന്നും കുറ്റക്കാരനല്ലെന്നും എന്തിനാണ് ഉപദ്രവിക്കുന്നതെന്നും ചോദിച്ചപ്പോള്‍ ആദ്യം കുറ്റക്കാരനല്ലെന്ന് തെളിയിക്കൂ എങ്കില്‍ താങ്കളുടെ വീട്ടില്‍ ചെരിപ്പിന് അടി വാങ്ങാമെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

കേസില്‍ 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കുന്നതിനേക്കാള്‍ ചാരനെന്ന മുദ്രയില്‍ നിന്ന് മോചിതനായതാണ് ഏറ്റവും സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും കേസ് എന്തിനായിരുന്നെന്ന് അറിയില്ല. കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയോ ഇന്ത്യ സ്‌പേസ് സാേങ്കതികവിദ്യ നേടി ശക്തിയാര്‍ജിക്കുന്നതിനെതിരെയുള്ള വിദേശ ഗൂഢാലോചനയോ ആകാമെന്നും എന്തിനായിരുന്നു കേസ് എന്ന് അന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Also Readസഞ്ജീവ് ഭട്ടിനെ ആര്‍ക്കാണ് പേടി? ഗുജറാത്ത് വംശഹത്യയ്ക്കുശേഷമുള്ള ആ തുറന്നുപറച്ചിലുകള്‍ ഭയപ്പെടുത്തുന്നതാരെ?

ചാരകേസ് ഉണ്ടായതിന് വലിയ കാരണം മാധ്യമങ്ങളാണെന്നും വിവരക്കേടുകൊണ്ട് ചിലര്‍ കേട്ടതെല്ലാം എഴുതിപ്പിടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ വഴി തെറ്റിച്ചവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നെന്നും. എങ്കിലും മാധ്യമപ്രവര്‍ത്തകരോട് ശത്രുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഐ.എസ്.ആര്‍.ഓ ചാര്‍ക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്,കെ.കെ ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.