ഡെറാഡൂണ്‍: യോഗാ പരിശീലകന്‍ ബാബാ രാംദേവിനെ കുറിച്ച് പോസ്റ്റര്‍ ഉണ്ടാക്കിയെന്നാരോപിച്ച് ഉത്തരാഖണ്ഡില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
രാംദേവിന്റെ പ്രതിച്ഛായ തകര്‍ക്കാനും മതവികാരം വ്രണപ്പെടുത്താനും ലക്ഷ്യമിട്ട് ആക്ഷേപകരമായ പോസ്റ്ററുകള്‍ തയ്യാറാക്കുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ രണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെ പൊലീസ് ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
രമണ്‍ പവാര്‍ എന്നയാളുടെ പരാതിയില്‍ ഡെറാഡൂണില്‍ നിന്നുള്ള കലാകാരന്മാരായ ഹേമന്ത് മാല്‍വിയ, ഗജേന്ദ്ര റാവത്ത് എന്നിവരെ പ്രതി ചേര്‍ത്താണ് കന്‍ഖല്‍ (Kankhal) പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി സെക്ഷന്‍ 153 എയുടെ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക) അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍.
താന്‍ ബാബാ രാംദേവിനെ തന്റെ ഗുരുവായാണ് കാണുന്നത് എന്നാണ് രമണ്‍ പവാര്‍ പരാതിയില്‍ പറയുന്നത്.
പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രാംദേവിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കണ്ടപ്പോള്‍ തന്റെ വികാരങ്ങള്‍ക്ക് മുറിവേറ്റു എന്നുമാണ് രമണ്‍ പവാര്‍ നല്‍കിയ പരാതിയില്‍ പറയുന്നതെന്ന് കന്‍ഖല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മുകേഷ് ചൗഹാന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.