| Monday, 3rd December 2018, 6:49 pm

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ചോദ്യകടലാസ് ചോര്‍ത്തി വിറ്റു; ഗുജറാത്ത് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ബി.ജെ.പി നേതാക്കളും സബ് ഇന്‍സ്പെക്ടറുമുള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍. ബി.ജെ.പി നേതാക്കളായ മന്‍ഹര്‍ റാഞ്ചോത് ഭായി പട്ടേല്‍, മുകേഷ് മുല്‍ജി എന്നിവരും യാഷ്പല്‍സിംഹ ജസ്വന്ത് സോലങ്കി, രുപാല്‍ ശര്‍മ, പൊലീസ് ഓഫീസര്‍ പിവി പട്ടേല്‍ എന്നിവരുമാണ് അറസ്റ്റിലായത്.

ചോദ്യപേപ്പര്‍ ലഭിച്ച രുപാല്‍ ശര്‍മ ഉത്തരകടലാസ് തയ്യാറാക്കുകയും അത് തന്റെ ഹോസ്റ്റലില്‍ വില്‍പ്പന ചെയ്‌തെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പരീക്ഷ നടക്കുന്ന ദിവസം രാവിലെ നിരവധി പേര്‍ ഉത്തരങ്ങള്‍ വാങ്ങാനായി ഹോസ്റ്റലില്‍ എത്തിയിരുന്നു. ആരോപണ വിധേയനായ പൊലീസ് ഓഫീസര്‍ പട്ടേല്‍ തന്റെ രണ്ട് കുടുംബക്കാര്‍ക്ക് ഉത്തര കടലാസ് നല്‍കി. മുകേഷ് ചൗധരിയും ഇതുപോലെ മറ്റ് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസ് നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

Read Also : ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി, ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡ് പരിക്ഷ മാറ്റിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപ്പേപ്പര്‍ പ്രചരിച്ചതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിയത്. എട്ടേമുക്കാല്‍ ലക്ഷം മത്സരാര്‍ത്ഥികളാണ് ഞായറാഴ്ച നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാനിരുന്നത്. 2440 പരീക്ഷ കേന്ദ്രങ്ങളിലായി 29,000 ക്ലാസ് മുറികളാണ് ഇതിനായി ഒരുക്കിയിരുന്നു.

റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം കൂടിയായ എസ്പി വീരേന്ദ്ര സിംഗ് യാദവിനാണ് അന്വേഷണ ചുമതല. നവംബര്‍ 29, 30 തീയതികളില്‍ യാശ്പാലിന് ദല്‍ഹിയില്‍ നിന്ന് ചോദ്യകടലാസ് ലഭിക്കുകയും നവംബര്‍ 30 ന് ഇതുമായി വഡോധരയിലേക്ക് വന്നുവെന്നും എസ്.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more