| Saturday, 27th July 2019, 1:51 pm

രണ്ട് ബഹ്‌റൈനി തടവുകാര്‍ മണിക്കൂറിനുള്ളില്‍ തൂക്കിലേറ്റപ്പെടുമെന്ന് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: രണ്ട് ബഹ്‌റൈനി തടവുകാര്‍ ഉടന്‍ തൂക്കിലേറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി ബഹ്‌റൈനി മനുഷ്യാവകാശ പ്രവര്‍ത്തകരും ആംനസ്റ്റി ഇന്റര്‍നാഷണലും. ഇവരുടെ വധശിക്ഷ നിര്‍ത്തിവെക്കമെന്ന അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം മാനിക്കാതെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

അഹമ്മദ് അല്‍ മുല്ലാലി, അലി ഹക്കിം അല്‍ അറബ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കുന്നത്. ഇവരുടെ ശിക്ഷ കഴിഞ്ഞ മെയ്യില്‍ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. വെള്ളിയാഴ്ച ഇവരുടെ ബന്ധുക്കളെ സ്വകാര്യ ജയിലിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് ബഹ്‌റൈനി സെന്റര്‍ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഇരു കുടുംബങ്ങളേയും ജോ ജയില്‍ അധികൃതര്‍ ഫോണില്‍ വിളിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജയിലിലേക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് വിധേയരാക്കുന്നവരെ അന്നേ ദിവസം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാണ് ബഹ്‌റൈനിലെ നിയം.

‘നാളെ രാവിലെ വധശിക്ഷ നടപ്പാക്കുമെന്നതിന്റെ സൂചനയാണ് സ്വകാര്യ സന്ദര്‍ശനം. മേല്‍പ്പറഞ്ഞ വ്യക്തിയുടെ വധശിക്ഷ ബഹ്‌റൈന്‍ രാജാവ് അംഗീകരിച്ചതാണ്. പൊലീസ് ലെഫ്റ്റനന്റിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇവര്‍ ഉള്‍പ്പെട്ടത്.’ ബി.സി.എച്ച്.ആര്‍ പറയുന്നു.

24 മണിക്കൂറിനുള്ളില്‍ ഇരുവരും തൂക്കിലേറ്റപ്പെടുമെന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more