ബാഫ്തയില്‍ രണ്ട് നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം
Entertainment
ബാഫ്തയില്‍ രണ്ട് നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th March 2021, 12:30 pm

ലോകസിനിമയിലെ പ്രധാന അവാര്‍ഡുകളിലൊന്നായ ബാഫ്തയില്‍ നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം. റാമിന്‍ ബഹ്‌റാണി സംവിധാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ദി വൈറ്റ് ടൈഗറാണ് ബാഫ്തയില്‍ മത്സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ റാമിന്‍ ബഹ്‌റാനിക്കും മികച്ച നടനുള്ള വിഭാഗത്തില്‍ ആദര്‍ശ് ഗൗരവുമാണ് നോമിനേഷന്‍ സ്വന്തമാക്കിയത്. അരവിന്ദ് അഡിഗയുടെ ഇതേ പേരിലുള്ള നോവലാണ് റാമിന്‍ സിനിമയാക്കിയത്. 2008ല്‍ ബുക്കര്‍ പ്രൈസ് നേടിയ നോവലായിരുന്നു ദി വൈറ്റ് ടൈഗര്‍.

പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ജനുവരി 13ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിരൂപകരും പ്രേക്ഷകരും ദി വൈറ്റ് ടൈഗറിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.

അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ മൊയ്‌റ ബുഫിനി (ദ ഡിഗ്), ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ദ ഫാദര്‍) , റോറി ഹെയ്‌നസ്, സൊഹറ്ബ് നോഷിര്‍വാണി, എം.ബി ട്രാവന്‍( ദി മൗറിറ്റേനിയന്‍) ക്ലോയി ഴാവോ (നൊമാഡ് ലാന്റ്) എന്നിവരോടാണ് റാമിന്‍ ബഹ്‌റാനി മത്സരിക്കുന്നത്. റിസ് അഹമ്മദ് (സൗണ്ട് ഓഫ് മെറ്റല്‍), ചാഡ്‌വിക് ബോസ്മാന്‍ (മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം) ആന്റണി ഹോപ്കിന്‍സ് (ദ ഫാദര്‍), മാഡ്‌സ് മിക്കേല്‍സണ്‍(അനദര്‍ റൗണ്ട്) താഹര്‍ റഹീം(ദി മൗറിറ്റാനിയന്‍) എന്നിവരോടാണ് ആദര്‍ശ് ഗൗരവിന്റെ മത്സരം.

ചിത്രത്തിന് നോമിനേഷന്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. മുഴുവനും ഇന്ത്യന്‍ താരങ്ങള്‍ മാത്രം അണിനിരന്ന ഒരു ചിത്രത്തിന് രണ്ട് ബാഫ്ത നോമിനേഷന്‍ നേടാനായതില്‍ അഭിമാനമുണ്ടെന്നും ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായതിലും അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. അര്‍ഹിക്കുന്ന അംഗീകാരമാണ് ആദര്‍ശും റാമിനും നേടിയതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Two Bafta Nominations for the movie White Tiger