തിരുവനന്തപുരം: അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശികളായ അനസ്(27), നൗഫല്‍(28) എന്നിവരാണ് ആലുവയില്‍ വച്ച് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ എഡി.പി.എയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പൊലീസിന് കൈമാറും.
ഒരു മാസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തുവച്ച് കോഴിക്കോട് സ്വദേശികളായ യുവതികളെയും ഒരു യുവാവിനെയും കാറില്‍ ബലമായി കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശി നിസാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വിദേശത്തു നിന്നുമെത്തിയ നിസാറിനെയും കൂടെയുള്ള യുവതികളെയും പിടിയിലായ നൗഫലും അനസും ഉള്‍പ്പെട്ട സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നവാസിനെയും കൂടെയുണ്ടായിരുന്നവരെയും തട്ടിക്കൊണ്ടു പോകാന്‍ ഇവര്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചും, സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരനായ നവാസിനും ഇയാളോടൊപ്പമുണ്ടായിരുന്ന യുവതികള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും ഇവര്‍ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയാണോ ഇപ്പോള്‍ പിടിയിലായവര്‍ ബലപ്രയോഗം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യകതമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ ഇവര്‍ക്ക് അഭിമന്യു കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും വലിയതുറ പൊലീസ് അറിയിച്ചു.