ആലുവയില്‍ 300 പവന്‍ കവര്‍ന്ന സംഭവം; രണ്ടുപേര്‍ പിടിയിലായതായി സൂചന
Kerala
ആലുവയില്‍ 300 പവന്‍ കവര്‍ന്ന സംഭവം; രണ്ടുപേര്‍ പിടിയിലായതായി സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2014, 8:01 pm

[]ആലുവ: ആലുവയില്‍ വീട്ടില്‍നിന്ന് 300 പവനും പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി സുചന.

അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂറല്‍ എസ്.പി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്കു തിരിച്ചു. എസ്.പിയുടെ സംഘത്തില്‍ ഡിവൈഎസ്പി വി.കെ. സനല്‍കുമാര്‍, സി.ഐ എം.കെ. മുരളി, എസ്.ഐ അനില്‍കുമാര്‍ തുടങ്ങിയവര്‍ ഉണ്ട്.

വീട് കുത്തിത്തുറന്നു ലോക്കറും ഗൃഹോപകരണങ്ങളും കവര്‍ന്ന ശേഷം നനഞ്ഞ തോര്‍ത്തുപയോഗിച്ചു വിരല്‍പ്പാടുകളെല്ലാം മായ്ച്ചിരുന്നു. ലോക്കര്‍ ഇളക്കിയെടുത്ത ഭാഗത്തെ ചില വിരല്‍പ്പാടുകള്‍ മാത്രമാണു വിരലടയാള വിദഗ്ധര്‍ക്കു ലഭിച്ചത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

ഹാക്‌സോ ബ്ലേഡുപയോഗിച്ച് കമ്പി മുറിച്ചു മാറ്റിയതുമൂലം സ്‌ക്രാപ് ഇടപാടുകള്‍ നടത്തുന്ന കുറ്റവാളികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ച നടത്തുമ്പോള്‍ പ്രതികളുപയോഗിച്ചിരുന്ന കൈയുറ പോലീസിന് ലഭിച്ചിരുന്നു.

ശനിയാഴ്ച്ച രാത്രിയാണ് ആലുവ സ്വദേശി ഹൈദ്രോസ് ഇബ്രാഹിമിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്.