മെസിയെ വാങ്ങാൻ കടുത്ത മത്സരവുമായി രണ്ട് അറബ് ക്ലബ്ബുകൾ; റിപ്പോർട്ട്
football news
മെസിയെ വാങ്ങാൻ കടുത്ത മത്സരവുമായി രണ്ട് അറബ് ക്ലബ്ബുകൾ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 7:59 am

സൗദി അറേബ്യൻ ഫുട്ബോൾ ലീഗായ സൗദി പ്രോ ലീഗാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗായ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ വാങ്ങിയത് മുതൽ ക്ലബ്ബിന്റെ വിപണി മൂല്യവും ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് അൽ നസറിന്റെ പ്രോ ലീഗിലെ ചിര വൈരികളായ അൽ ഹിലാൽ മെസിയെ അവരുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. കൂടാതെ ദി ന്യൂ അറബ് എന്ന മധ്യേഷ്യൻ മാധ്യമം മെസിയുടെ പിതാവ് ജോർജ് മെസി അൽ ഹിലാലുമായി ചർച്ചകൾ നടത്താൻ റിയാദിലെത്തിച്ചേർന്നു എന്ന വാർത്തയും പുറത്ത് വിട്ടിരുന്നു.

എന്നാലിപ്പോൾ അൽ ഹിലാലിന് പുറമേ മറ്റൊരു പ്രമുഖ പ്രോ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദും റൊണാൾഡോയെ സ്വന്തമാക്കാനായി മത്സര രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരു ടീമുകളും 350 മില്യൺ യൂറോ മൂല്യം വരുന്ന പ്രതിവർഷക്കരാറിലാണ് മെസിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നിലവിൽ പി.എസ്.ജിയുമായുള്ള മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കും. അതിന് ശേഷം ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴേ അറബ് ക്ലബ്ബുകൾ നടത്തുന്നത്.

മെസിയുടെ കരാർ 2024 വരെ നീട്ടാനും ഈ കാലയളവിൽ താരം ബാഴ്സലോണയിലേക്ക് പോകുന്നത് തടയാനും നടപടി സ്വീകരിക്കാൻ പി.എസ്.ജി മാനേജ്മെന്റ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം ക്ലബ്ബിൽ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മെസി ലോകകപ്പിൽ പുറത്തെടുത്ത ഫോം ക്ലബ്ബ് ഫുട്ബോളിലും തുടരുകയാണ്. ജനുവരി 16ന് റെന്നെസിനെതിരെയുള്ള പാരിസ് ക്ലബ്ബിന്റെ മത്സരത്തിലാണ് മെസി അടുത്തതായി കളത്തിലിറങ്ങുക.

 

Content highlights:Two Arab clubs are compete to buy Messi; Report